ബഹ്​റൈനില്‍ ബൂസ്​റ്റര്‍ ഡോസ്​ സമയപരിധി​ മൂന്ന്​ മാസമായി കുറച്ചു

by International | 02-12-2021 | 129 views

മനാമ: ബഹ്​റൈനില്‍ വിവിധ വാക്​സിനുകള്‍ക്ക്​ ബൂസ്​റ്റര്‍ ഡോസ്​ സ്വീകരിക്കുന്നതിനുള്ള സമയപരിധി​ ആറ്​ മാസത്തില്‍നിന്ന്​ മൂന്ന്​ മാസമായി കുറച്ചതായി ദേശീയ മെഡിക്കല്‍ സമിതി അംഗം ഡോ. മനാഫ്​ അല്‍ ഖഹ്​ത്താനി പറഞ്ഞു. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി ദേശീയ ഏകോപന സമിതിയുടെ അംഗീകാരത്തിന്​ വിധേയമായാണ്​ പുതിയ തീരുമാനം. ഫൈസര്‍-ബയോണ്‍ടെക്​, കോവിഷീല്‍ഡ്​-ആസ്​ട്ര സെനേക്ക, സ്​പുട്​നിക്​ വാക്​സിനുകളുടെ ബൂസ്​റ്റര്‍ ഡോസ്​ സമയപരിധിയാണ്​ കുറച്ചത്​. സിനോഫാം വാക്​സിന്​ നേരത്തെതന്നെ മൂന്ന്​ മാസമാണ്​ ബൂസ്​റ്റര്‍ ഡോസ്​ സ്വീകരിക്കുന്നതിനുള്ള കാലാവധി. രോഗമുക്​തി നേടിയവര്‍ക്ക്​ ബൂസ്റ്റര്‍ ഡോസ്​ സ്വീകരിക്കുന്നതിനുള്ള കാലയളവ്​ ഒരു വര്‍ഷത്തില്‍നിന്ന്​ ആറ്​ മാസമായും കുറച്ചു.

ഫൈസര്‍ ബയോണ്‍ടെക്​ വാക്​സിന്‍ സ്വീകരിച്ച 18 വയസിന്​ മുകളിലുള്ളവര്‍ക്ക്​ രണ്ടാം ഡോസ്​ സ്വീകരിച്ച്‌​ മൂന്ന്​ മാസത്തിനുശേഷം അതേ വാക്​സിന്‍ തന്നെ ബൂസ്​റ്റര്‍ ഡോസായി സ്വീകരിക്കാവുന്നതാണ്​. കോവിഷീല്‍ഡ്​-ആസ്​ട്ര സെനേക്ക സ്വീകരിച്ച 18 വയസിന്​ മുകളിലുള്ളവര്‍ക്ക്​ രണ്ടാം ഡോസ്​ സ്വീകരിച്ച്‌​ മൂന്ന്​ മാസത്തിനുശേഷം അതേ വാക്​സിന്‍ അല്ലെങ്കില്‍ ഫൈസര്‍-ബയോണ്‍ടെക്​ ബൂസ്​റ്റര്‍ ഡോസായി സ്വീകരിക്കാം. സ്​പുട്​നിക്​ വാക്​സിന്‍ സ്വീകരിച്ച 18 വയസിന്​ മു​കളിലുള്ളവര്‍ക്ക്​ രണ്ടാം ഡോസ്​ സ്വീകരിച്ച്‌​ മൂന്ന്​ മാസത്തിനുശേഷം അതേ വാക്​സിന്‍ അല്ലെങ്കില്‍ ഫൈസര്‍ ബയോണ്‍ടെക്​ സ്വീകരിക്കാവുന്നതാണ്​.

രോഗമുക്​തി നേടി രണ്ട്​ ഡോസ്​ വാക്​സിന്‍ സ്വീകരിച്ചവര്‍ക്ക്​ രോഗം സ്​ഥിരീകരിച്ച ദിവസം മുതല്‍ ആറ്​ മാസവും രണ്ടാം ഡോസ്​ സ്വീകരിച്ച്‌​ നിശ്​ചിലത കാലയളവും പൂര്‍ത്തിയാക്കുമ്പോള്‍ ബൂസ്​റ്റര്‍ ഡോസ്​ സ്വീകരിക്കാം. ബൂസ്​റ്റര്‍ ഡോസ്​ സ്വീകരിക്കാന്‍ യോഗ്യരായവര്‍ക്ക്​ മുന്‍കൂട്ടി ബുക്ക്​ ചെയ്യാതെ നേരിട്ട്​ ഹെല്‍ത്​ സെന്‍ററില്‍ ചെന്ന്​ വാക്​സിന്‍ സ്വീകരിക്കാവുന്നതാണ്​. ഇവര്‍ക്കുള്ള അറിയിപ്പെന്ന നിലയില്‍ ബിഅവെയര്‍ ആപ്പിലെ പച്ച ഷീല്‍ഡ്​ ബുധനാഴ്​ച മുതല്‍ മഞ്ഞയായി മാറും. ബൂസ്​റ്റര്‍ ഡോസ്​ എടുത്ത ശേഷമാണ്​ ഷീല്‍ഡ്​ വീണ്ടും പച്ചയാവുക.

Lets socialize : Share via Whatsapp