
കുവൈത്ത് സിറ്റി: ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ അത്യാവശ്യമല്ലാത്ത രാജ്യാന്തരയാത്രകള്‍ ഒഴിവാക്കാന്‍ പൗരന്മാര്ക്ക് നിര്‍ദേശം നല്കി കുവൈത്ത് വിദേശകാര്യമന്ത്രാലയം. വിദേശ രാജ്യങ്ങളിലുള്ള കുവൈത്ത് പൗരന്മാര് ഏതു സാഹചര്യത്തിലും അതതിടങ്ങളിലെ കുവൈത്ത് എംബസിയുമായി ബന്ധം പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
വിവിധ രാജ്യങ്ങളില്‍ കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയം പൗരന്മാര്ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയത്. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ കഴയുന്നതും ഒഴിവാക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. യാത്രകളിലും അല്ലാത്തപ്പോഴും ആരോഗ്യസുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. വിദേശത്തുള്ള കുവൈത്ത് പൗരന്മാര് അതത് രാജ്യങ്ങള്‍ സ്വീകരിക്കുന്ന ആരോഗ്യസുരക്ഷ നടപടികളും ജാഗ്രത നിര്‍ദേശങ്ങളും പൂര്‍ണമായും പാലിക്കണം.
എന്താവശ്യത്തിനും കുവൈത്ത് എംബസിയുമായി ബന്ധപ്പെടാമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അതിനിടെ നിലവില്‍ കുവൈത്തിലുള്ള സ്വദേശികളും വിദേശികളും തല്ക്കാലം വിദേശയാത്ര ഒഴിവാക്കുന്നതാണ് നല്ലതെന്ന് വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടതായി അല്‍ അന്‍ബ പത്രം റിപ്പോര്‍ട്ട് ചെയ്തു. വകഭേദം വ്യാപിച്ചാല്‍ പല രാജ്യങ്ങളും കര്‍ശന യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് യാത്രകള്‍ ഒഴിവാക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചത്. ഒമിക്രോണുമായി ബന്ധപ്പെട്ട ആഗോള സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വൈറസ് അതിര്‍ത്തി കടന്ന് എത്താതിരിക്കാന്‍ എല്ലാ മുന്‍കരുതലും സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.