ഖത്തറില്‍ ഉല്‍പന്നങ്ങളില്‍ മതവിരുദ്ധ ചിഹ്നങ്ങള്‍ പാടില്ല

by Business | 02-12-2021 | 266 views

ദോഹ: മതവിരുദ്ധ ലോഗോയും ചിഹ്നങ്ങളും പതിച്ച ഉല്‍പന്നങ്ങളുടെ വ്യാപാരം നിരുത്സാഹപ്പെടുത്തിയും അതില്‍നിന്നും പിന്തിരിയണമെന്നും ആവശ്യപ്പെട്ട് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഉത്തരവ്. ഇത്തരം ചിഹ്നങ്ങളും ലോഗോകളും പതിക്കുന്നത് ഇസ്​ലാമിക മൂല്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പാരമ്പര്യത്തിനും വിരുദ്ധമാണെന്നും വാണിജ്യ മന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ആചാരങ്ങളെയും പാരമ്പര്യങ്ങളെയും നിന്ദിക്കുന്നതും പൊതുമര്യാദ ലംഘിക്കുന്നതുമായ ഉല്‍പന്നങ്ങള്‍ ചില ഷോപ്പുകളും രാജ്യത്തെ പ്രധാന ഷോപ്പിങ്​ മാളുകളും വില്‍പനക്കു വെച്ചിരിക്കുന്നത് ഈയിടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

വിപണിയെ നിയന്ത്രിക്കുന്നതിനും രാജ്യത്തെ കച്ചവടക്കാരും മൊത്ത വിതരണക്കാരും വ്യാപാര ഉടമകളും ഉപഭോക്താക്കളുടെ അവകാശങ്ങള്‍, ഇസ്​ലാമിക മൂല്യങ്ങള്‍ എന്നിവയുടെ സംരക്ഷണം, ഖത്തറിന്റെ പാരമ്പര്യ ആചാരങ്ങളെയും സാംസ്​കാരിക പൈതൃകത്തെയും മാനിക്കുക തുടങ്ങിയവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് മന്ത്രാലയം പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. 2008ലെ എട്ടാം നമ്ബര്‍ നിയമപ്രകാരം, വ്യാപാരികളും കടയുടമകളും കച്ചവടത്തിലും വില്‍ക്കുന്ന ഉല്‍പന്നങ്ങളിലും മത ധാര്‍മിക മൂല്യങ്ങളും രാജ്യത്തിന്റെ ആചാരങ്ങളും സാംസ്​കാരിക പൈതൃകത്തെയും പാലിച്ചിരിക്കണം. അതേ നിയമത്തില്‍തന്നെ, ചരക്കിന്റെ ഉപയോഗം മൂലമുണ്ടാകുന്ന ഏതൊരു നാശത്തിനും വിതരണക്കാരന്‍ ഉത്തരവാദിയായിരിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്.

ഇസ്​ലാമിക മതാചാരങ്ങളോടും ധാര്‍മിക മൂല്യങ്ങളോടും ആദരവ് പുലര്‍ത്തിയും ഖത്തരി സമൂഹത്തിന്റെ ആചാരങ്ങളും പാരമ്പര്യങ്ങളും പാലിച്ചു കൊണ്ടുമായിരിക്കണം വാണിജ്യപ്രവര്‍ത്തനങ്ങളും സേവനങ്ങളുടെ വ്യാപാരവുമെന്നും മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ വിശദീകരിക്കുന്നുണ്ട്. ഖത്തറിലേക്ക് ചരക്കുകള്‍ ഇറക്കുമതി ചെയ്യുന്നതിനുമുമ്പ് ഉല്‍പന്നങ്ങളില്‍ ഇത്തരം നിന്ദാവഹമായ, ഇസ്​ലാമിക മൂല്യങ്ങള്‍ക്കും ഖത്തരി സംസ്​കാരത്തിനും വിരുദ്ധമായ ലോഗോകളും ചിഹ്നങ്ങളും പതിച്ചിട്ടില്ലെന്ന് വ്യാപാരികളും കടയുടമകളും ഉറപ്പുവരുത്തണമെന്നും ഇത്തരം ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നതില്‍നിന്നും പ്രദര്‍ശിപ്പിക്കുന്നതില്‍നിന്നും ഉടമകളും വ്യാപാരികളും ഷോപ്പിങ്​ മാളുകളും പിന്തിരിയണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

മത ധാര്‍മികമൂല്യങ്ങള്‍ ലംഘിക്കുന്നതും ഖത്തറിന്റെ പാരമ്പര്യത്തിനും സംസ്​കാരത്തിനും വിരുദ്ധമായ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഷോപ്പുകളിലും മാളുകളിലും പരിശോധന ഊര്‍ജിതമാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത്തരം ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നതും പ്രദര്‍ശിപ്പിക്കുന്നതും ശ്രദ്ധയില്‍പെട്ടാല്‍ അധികൃതരെ അറിയിക്കണമെന്ന് ഉപഭോക്താക്കള്‍ക്കും മന്ത്രാലയം അറിയിപ്പ് നല്‍കിയിട്ടുണ്ട്.

Lets socialize : Share via Whatsapp