ദേശീയ ദിനം: ഡിസംബർ 2-ന് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സമ്മാനവുമായി യുഎഇ

by General | 01-12-2021 | 310 views

ദുബായ്: സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നാളെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക സമ്മാമം നല്‍കാനൊരുങ്ങി യുഎഇ. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് നടപടി. നാളെ ജനിക്കുന്ന കുട്ടികള്‍ക്ക് ബേബി കാര്‍ സീറ്റുകളാണ് സൗജന്യമായി നല്‍കുന്നത്. ആര്‍ടിഎ, ദുബായ് ഹെല്‍ത്ത് അതോറിറ്റി, ദുബായ് പൊലീസ് എന്നിവ സംയുക്തമായാണ് മൈ ചൈല്‍ഡ്‌സ് ഗോള്‍ഡന്‍ ജൂബിലി ഗിഫ്റ്റ് എന്ന പദ്ധതി ആരംഭിച്ചത്. ദുബായിയിലെ 21 ആശുപത്രികളിലായി 450 കാര്‍ സീറ്റുകളാണ് വിതരണം ചെയ്യുന്നത്. നാലു വയസുവരെ ഇവ ഉപയോഗിക്കാം.

റോഡ് സുരക്ഷാ ബോധവത്കരണം, സമൂഹത്തില്‍ ജാഗ്രത സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. യുഎഇയിലെ സര്‍ക്കാര്‍ വകുപ്പുകളെല്ലാം പദ്ധതിയില്‍ സഹകരിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.

അതേസമയം ലോകത്ത് അഞ്ചു വയസ്സു മുതല്‍ 29 വയസ്സുവരെയുള്ളവരുടെ മരണത്തിന് പ്രധാന കാരണം റോഡപകടങ്ങളാണെന്ന് ഗള്‍ഫ് മേഖലയിലെ യുനിസെഫ് പ്രതിനിധി എല്‍തയെബ് ആദം അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്കുള്ള സുരക്ഷാ സീറ്റുകള്‍ ഉപയോഗിക്കുന്നതിലൂടെ 60% മരണങ്ങളും തടയാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Lets socialize : Share via Whatsapp