സൗദി അറേബ്യയിലും ആദ്യ ഒമിക്രോണ്‍ വൈറസ് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം

by International | 01-12-2021 | 199 views

ജിദ്ദ: സൗദി അറേബ്യയിലും കോവിഡിന്റെ വകഭേദം വന്ന ഒമിക്രോണ്‍ വൈറസ് കണ്ടെത്തി. വടക്കേ ആഫ്രിക്കയില്‍ നിന്നെത്തിയ സ്വദേശി പൗരന് രോഗ ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധിതനായ വ്യക്തിയെയും അദ്ദേഹവുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെയും അടുത്തിടപഴകിയവരെയും ക്വാറന്റൈനിലാക്കിയതായും ആവശ്യമായ ആരോഗ്യ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രാലയം അറിയിച്ചു.

ഒമിക്രോണ്‍ വൈറസ് രാജ്യത്ത് കണ്ടെത്തുന്നതിനുള്ള സാഹചര്യങ്ങള്‍ പരിശോധിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള മന്ത്രാലയത്തിന്റെയും പബ്ലിക് ഹെല്‍ത്ത് അതോറിറ്റിയുടെയും പരിശ്രമങ്ങളുടെ ഫലമായാണ് ആദ്യ കേസ് കണ്ടെത്തിയതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തെ സ്വദേശികളും വിദേശികളും കോവിഡ് വാക്സിന്‍ ഡോസുകള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും എല്ലാ മുന്‍കരുതല്‍ നടപടികളും പ്രതിരോധ നടപടികളും അംഗീകൃത പ്രോട്ടോക്കോളുകളും പാലിക്കേണ്ടതിന്റെ ആവശ്യകതയും രാജ്യത്തേക്ക് വിദേശ യാത്ര കഴിഞ്ഞെത്തുന്നവര്‍ ക്വാറന്റൈനുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം ഊന്നിപ്പറഞ്ഞു.

വിവിധ രാജ്യങ്ങളില്‍ പുതിയ വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ സൗദിയില്‍ വിവിധ വിമാനത്താവളങ്ങളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലുമെല്ലാം പരിശോധന കര്‍ശനമാക്കിയിരുന്നു. രോഗം കണ്ടെത്തിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും നേരിട്ട് വിദേശികള്‍ക്ക് യാത്ര വിലക്കും പ്രഖ്യാപിച്ചിരുന്നു.

Lets socialize : Share via Whatsapp