മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള പക്ഷികള്‍ക്കും കോഴികള്‍ക്കും മുട്ടകള്‍ക്കും നിരോധനം

by Business | 01-12-2021 | 193 views

കുവൈറ്റ് സിറ്റി: മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള പക്ഷികള്‍ക്കും കോഴികള്‍ക്കും മുട്ടകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി കുവൈറ്റ്. പോളണ്ട്, ഹംഗറി, കസാഖിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പക്ഷി, മുട്ട ഇറക്കുമതികളാണ് കുവൈറ്റ് നിരോധിച്ചത്. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് അഗ്രികള്‍ച്ചര്‍ അഫയേഴ്സ് & ഫിഷ് റിസോഴ്സസ് അതോറിറ്റി ഈ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ നിരോധിച്ച്‌ ഉത്തരവിറക്കിയത്.

വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്തിന്റെ ശുപാര്‍ശകളും ഈ രാജ്യങ്ങളിലെ ആരോഗ്യസ്ഥിതിയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും പിന്തുടരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് അതോറിറ്റിയുടെ വക്താവ് തലാല്‍ അല്‍ ദൈഹാനി പറഞ്ഞു.

വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്തിന്റെ നടപടിക്രമങ്ങള്‍ക്ക് അനുസൃതമായി എല്ലാ ചരക്കുകളും അവയുടെ തരം അനുസരിച്ച്‌ അതോറിറ്റിയിലെ മൃഗസംരക്ഷണ വകുപ്പ് നല്‍കുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചരക്കുകള്‍ അതോറിറ്റിയുടെ ലാബില്‍ പരിശോധിക്കും. രോഗബാധ സ്ഥിരീകരിച്ചാല്‍ പക്ഷികളെയും മൃഗങ്ങളെയും സ്വന്തം ചെലവില്‍ കയറ്റുമതിക്കാര്‍ തിരികെ കൊണ്ടുപോകണമെന്നും അല്‍ ദൈഹാനി വ്യക്തമാക്കി.

Lets socialize : Share via Whatsapp