
ദുബൈ: ദേശീയ ദിനമായ ഡിസംബര്‍ രണ്ടിന് എക്സ്പോ നഗരിയിലേക്ക് എല്ലാവര്ക്കും സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ദുബൈ. രാജ്യത്തിന്റെ 50 ാം ദേശീയ ദിനത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം. ദേശീയ ദിനത്തോടനുബന്ധിച്ച് എക്സ്പോയില്‍ വിവിധ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.
രാവിലെ 9 മുതല്‍ പുലര്‍ച്ച രണ്ട് വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും. 18 വയസിന് മുകളിലുള്ളവര്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്സിനെടുക്കാത്തവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പി.സി.ആര് നെഗറ്റീവ് ഫലം ഹാജരാക്കണം.
രാവിലെ 10.30ന് പതാക ഉയര്ത്തുന്നതുമുതല് നിരവധി പരിപാടികളാണ് എക്സ്പോയില്‍ നടക്കുന്നത്. ഹത്തയില്‍ നടക്കുന്ന ഔദ്യോഗിക ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേക്ഷണവും എക്സ്പോയിലുണ്ട്. വെടിക്കെട്ട്, സംഗീത പരിപാടികള്‍ എന്നിവയും ഉള്‍പെടുത്തിയിട്ടുണ്ട്. നിലവില്‍ 95 ദിര്‍ഹമാണ് പ്രവേശന ഫീസ്. സൗജന്യ പ്രവേശനം അനുവദിച്ചതോടെ വരുമാനം കുറഞ്ഞ പ്രവാസികള്‍ ഉള്‍പെടെയുള്ളവര്‍ക്ക് എക്സ്പോ കാണാന്‍ വഴിയൊരുങ്ങും. എല്ലാ എമിറേറ്റില്‍ നിന്നും എക്സ്പോയിലേക്ക് സൗജന്യ ബസ് സര്‍വീസുമുണ്ട്.