വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ വന്‍തുക പിഴയും തടവും: പുതിയ സൈബര്‍ നിയമവുമായി യുഎഇ

by General | 01-12-2021 | 153 views

അബുദാബി: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷകള്‍ നടപ്പിലാക്കാനൊരുങ്ങി യുഎഇ. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകളോ കിംവദന്തികളോ പ്രചരിപ്പിച്ചാല്‍ കുറഞ്ഞത് ഒരു ലക്ഷം ദിര്‍ഹം പിഴയും ഒരു വര്‍ഷം തടവുമാണ് ശിക്ഷ.

പകര്‍ച്ചവ്യാധികളുമായി ബന്ധപ്പെട്ടോ അടിയന്തര സാഹചര്യങ്ങളുമായി ബന്ധപ്പെട്ടോ, ദുരന്തങ്ങളുമായി ബന്ധപ്പെട്ടോ ആണ് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെങ്കില്‍ പിഴ രണ്ട് ലക്ഷം ദിര്‍ഹമാകും. രണ്ട് വര്‍ഷം തടവ് അനുഭവിക്കേണ്ടിയും വരും.

2012ലെ സൈബര്‍ നിയമത്തില്‍ ഭേദഗതി വരുത്തിയ പുതിയ നിയമം 2022 ജനുവരി മുതലാണ് പ്രാബല്യത്തില്‍ വരിക. പുതിയ നിയമ പ്രകാരം വ്യാജവാര്‍ത്ത നിര്‍മ്മിക്കുന്നവര്‍ മാത്രമല്ല, അവ പ്രചരിപ്പിക്കുന്നവരും ശിക്ഷാര്‍ഹരായിരിക്കും. കൈയ്യില്‍ കിട്ടുന്ന വിവരങ്ങള്‍ വിവേചന രഹിതമായി പങ്ക് വെച്ചാല്‍ ജയില്‍ ശിക്ഷ ഉറപ്പാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. അടുത്ത അന്‍പത് വര്‍ഷത്തേക്ക് നടപ്പിലാക്കാന്‍ ഉദ്ദേശിച്ച്‌ പ്രഖ്യാപിച്ച പുതിയ ഭരണ പരിഷ്കാരങ്ങളുടെ ഭാഗമാണ് നിയമം.

Lets socialize : Share via Whatsapp