
അബൂദബി: അബൂദബിയില്‍ ടാക്സി സേവനം ഉപയോഗിച്ചാല്‍ ഇനിമുതല്‍ ഡിജിറ്റലായും പേമെന്റ് നടത്താം. അബൂദബിയില്‍ ടാക്സി സര്‍വിസുകള്‍ നടത്തുന്ന ആറായിരത്തോളം വാഹനങ്ങളിലാണ് ഡിജിറ്റല്‍ പേമെന്റിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. സോഫ്റ്റ്വെയര് കമ്പനിയായ ഫിന്‍ടെക് ആണ് പേബൈ എന്ന ഡിജിറ്റല്‍ പണമിടപാട് സംവിധാനം ഏര്‍പ്പെടുത്തിയത്. പണം കൈമാറുന്നതിലൂടെ ഉണ്ടാവുന്ന രോഗഭീതി ഇതിലൂടെ ഒഴിവാക്കാനും ഇടപാടുകള്‍ ലളിതവും എളുപ്പവുമാക്കാനും സാധിക്കും.
പേബൈ ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് ടാക്സി വാഹനയാത്രക്കാര്‍ക്ക് പേമെന്റ് നടത്താവുന്നതാണ്. യു.എ.ഇ ദേശീയ ദിനാഘോഷങ്ങള്‍ പ്രമാണിച്ച് ഇപ്പോള്‍, ആപ് ഉപയോഗിച്ച് പേമെന്റ് നടത്തുന്നവര്‍ക്ക് ഓഫറും നല്‍കുന്നുണ്ട്. ആപ്പില്‍ തല്‍ക്ഷണം ലഭിക്കുന്ന വൗച്ചറിലൂടെയാണ് ടാക്സി ചാര്‍ജില്‍ കിഴിവ് ലഭിക്കുക.
യാത്രക്കാരുടെ ഫോണിലെ ആപ് ഉപയോഗിച്ച് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള മീറ്റര്‍ സ്ക്രീനിലെ ക്യൂ.ആര് കോഡ് സ്കാന്‍ ചെയ്യാന്‍ സാധിക്കും. തുടര്‍ന്ന് ഫോണില്‍ പാസ് വേഡോ ഫേസ് ഐഡിയോ നല്കുമ്പോള് ഇടപാട് പൂര്‍ത്തിയായെന്ന മെസേജ് ഡ്രൈവര്‍ക്കും യാത്രികര്‍ക്കും ലഭിക്കും. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആവശ്യമായ വിവരങ്ങള്‍ കൃത്യമായി നല്കാന് ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.