
ദോഹ: കോവിഡിന്റെ പുതുവകഭേദമായ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ, യാത്ര നിബന്ധനകള്‍ കര്‍ക്കശമാക്കി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. അതിതീവ്ര കോവിഡ് രാജ്യങ്ങളുടെ പട്ടികയായ എക്സപ്പ്ഷണല് റെഡ് ലിസ്റ്റില്‍ പുതുതായി ഉള്‍പ്പെടുത്തിയ ഇടങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ ക്വാറന്റീന് ഏഴുദിവസമായി മാറ്റി. ഡിസംബര്‍ ഒന്ന് വൈകീട്ട് ആറു മുതല്‍ മാറ്റം പ്രാബല്യത്തില്‍ വരും.
ബോട്സ്വാന, ഈജിപ്ത്, ഇസ്വാറ്റിനി, ലെസോത്തോ, നമീബിയ, ദക്ഷിണാഫ്രിക്ക, സിംബാബ്വെ എന്നീ രാജ്യങ്ങെളയാണ് പുതുതായി അതിതീവ്ര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. നേരത്തേയുള്ള യാത്രാ ചട്ടം പ്രകാരം ഈ വിഭാഗക്കാര്‍ക്ക് രണ്ടു ദിവസമാണ് ക്വാറന്റീന് എങ്കിലും, കോവിഡ് പുതുവകഭേദം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഏഴുദിവസമായി ഉയര്‍ത്താനാണ് തീരുമാനം.
അതേസമയം, ഈ പട്ടികയില്‍ ഉള്ള ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്, നേപ്പാള്‍ ഉള്‍പ്പെടെ രാജ്യങ്ങള്‍ക്ക് രണ്ടു ദിവസം ഹോട്ടല്‍ ക്വാറന്റീന് എന്ന നിബന്ധനയില്‍ മാറ്റമില്ല. പുതുതായി ഇടം നേടിയ രാജ്യങ്ങളില്‍നിന്നും വരുന്ന ഖത്തര്‍ പൗരന്മാര്ക്ക് ഏഴു ദിവസം ഹോട്ടല്‍ അല്ലെങ്കില്‍ ഹോം ക്വാറന്റീനില്‍ കഴിയാം. ജി.സി.സി പൗരന്മാര്ക്ക് ഏഴു ദിവസം ഹോട്ടല്‍ ക്വാറന്റീനും ഖത്തര്‍ റെസിഡന്റ്സിന് രണ്ടു ദിവസ ഹോട്ടല്‍ ക്വാറന്റീനും അഞ്ചു ദിവസ ഹോം ക്വാറന്റീനുമാണ് ഏര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഏഴുദിവസം ഹോട്ടല്‍ ക്വാറന്റീന് പൂര്‍ത്തിയാക്കിയ ശേഷമേ പുറത്തിറങ്ങാന്‍ കഴിയൂ. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് കൂടുതല്‍ ആഫ്രിക്കന്‍ രാജ്യങ്ങളെ എക്സപ്ഷണല്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. നേത്തേ 10 ആയിരുന്ന പട്ടിക ഇപ്പോള്‍ 16 ആയി ഉയര്‍ന്നു.