
ദുബായ്: അന്‍പതാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈയില്‍ തടവുകാര്‍ക്ക് മോചനം. 672 തടവുകാര്‍ക്ക് മോചനം നല്കാന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഉത്തരവിട്ടത്. രാജ്യത്തിന്റെ മാനുഷിക മൂല്യങ്ങള്‍ വ്യക്തമാക്കുന്ന തീരുമാനമാണിതെന്ന് ദുബൈ അറ്റോര്‍ണി ജനറല്‍ ഇസ്സാം ഇസ്സ അല്‍ ഹുമൈദാന്‍ അറിയിച്ചു.
വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്ന 870 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ദേശീയ ദിനത്തോടനുബന്ധിച്ച് 43 തടവുകാര്‍ക്ക് ജയില്‍ മോചനം നല്കാന് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയും നിര്‍ദേശിച്ചിരുന്നു.
മോചിതരാക്കപ്പെടുന്ന തടവുകാര്‍ക്ക് സമൂഹവുമായി ഇഴുകിച്ചേരാന്‍ അവസരമൊരുക്കും. മാപ്പ് നല്കപ്പെട്ട തടവുകാരുടെ മോചനം സാധ്യമാക്കുന്നതിന് ദുബൈ പൊലീസുമായി ചേര്‍ന്ന് ദുബൈ പ്രോസിക്യൂഷനും നടപടികള്‍ തുടങ്ങിയതായും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.