പ്രവാസികളുടെ ഇഖാമയുടെയും റീ എന്‍ട്രികളുടെയും കാലാവധി നീട്ടി സൗദി അറേബ്യ

by International | 28-11-2021 | 281 views

ജിദ്ദ: വിദേശത്തുള്ള പ്രവാസികളുടെ ഇഖാമയുടെയും റീ എന്‍ട്രിയുടെയും സന്ദര്‍ശക വീസകളുടെയും കാലാവധി നീട്ടി നല്‍കാനൊരുങ്ങി സൗദി അറേബ്യ. ജനുവരി 31 വരെ സൗജന്യമായി കാലാവധി നീട്ടി നല്‍കാനാണ് തീരുമാനം.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം ഏഴു രാജ്യങ്ങള്‍ക്ക് കൂടി സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തി. പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. മലാവി, സാംബിയ, മഡഗാസ്‌കര്‍, അംഗോള, സീഷെല്‍സ്, മൗറീഷ്യസ്, കൊമോറോസ് എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്കാണ് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തിയത്.

നേരത്തെ ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്വെ, മൊസാംബിക്, ലെസോത്തോ, ഇസ്വത്തീനി രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

Lets socialize : Share via Whatsapp