ഒമിക്രോണ്‍: വിദേശത്ത് നിന്ന് കേരളത്തില്‍ എത്തുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്റൈന്‍; നിയന്ത്രണങ്ങളുമായി കര്‍ണാടകയും

by International | 28-11-2021 | 200 views

തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബി.1.1.529 നിരവധി രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്ന വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് യാത്ര തിരിക്കുന്നവര്‍ 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എയര്‍സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം.

വിദേശത്ത് നിന്ന് എത്തിയതിന് ശേഷം സംസ്ഥാനത്തെ എയര്‍പോര്‍ട്ടില്‍ വച്ച്‌ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. തുടര്‍ന്ന് ഏഴ് ദിവസം നിര്‍ബന്ധിമായും ക്വാറന്റൈനില്‍ കഴിയണം. ക്വാറന്റൈന്‍ പൂര്‍ത്തിയായതിന് ശേഷം വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

എയര്‍പോര്‍ട്ടുകളില്‍ പരിശോധന വര്‍ധിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കുന്നത്. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ സംശയമുള്ളവരുടേയും പരിശോധനയില്‍ പോസിറ്റീവ് ആയവരുടേയും സാമ്ബിളുകള്‍ ജനിതക വകഭേദം വന്ന വൈറസിന്റെ പരിശോധനയ്ക്കായി അയക്കുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ, ഇസ്രയേല്‍, ഹോങ്കോങ്, ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ബ്രസീല്‍, ബംഗ്ലാദേശ്, ചൈന, മോറീഷ്യസ്, ന്യൂസിലന്‍ഡ്, സിംബാവെ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തുന്നവരില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. പുതിയ വകഭേദം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Lets socialize : Share via Whatsapp