ഇറാന്‍ ആണവായുധം നിര്‍മ്മിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കും: മുന്നറിയിപ്പുമായി സൗദ്യ അറേബ്യ

by International | 15-03-2018 | 329 views

റിയാദ്: ഇറാന്‍ ആണവായുധം നിര്‍മ്മിച്ചാല്‍ അതേ നാണയത്തില്‍ തന്നെ തങ്ങളും പ്രകോപിപ്പിക്കുമെന്ന മുന്നറിയിപ്പുമായി സൗദി അറേബ്യ. ആണവായുധം നിര്‍മ്മിക്കണമെന്ന് സൗദിക്ക് ആഗ്രഹമില്ല, എന്നാല്‍ ഇറാന്‍ ആണവായുധം ഉണ്ടാക്കി പ്രകോപനം സൃഷ്ടിച്ചാല്‍ ആണവായുധം നിര്‍മ്മിക്കാന്‍ മടിക്കില്ലെന്ന് സൗദിയിലെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇറാന് മുന്നറിയിപ്പ് നല്‍കി.സിബിഎസ്സിനു നല്‍കിയ ടെലിവിഷന്‍ അഭിമുഖത്തിലാണ് രാജകുമാരന്‍ ഇറാന് മുന്നറിയിപ്പ് നല്‍കിയത്. നിലവില്‍ ബ്രിട്ടനില്‍ സന്ദര്‍ശനം നടത്തിവരികയാണ് സൗദി കിരീടവകാശി. ആണവ ബാലിസ്റ്റിക്  മിസ്സൈലുകളുടെ നിര്‍മ്മാണവുമായി മുന്നോട്ടു പോകുന്ന ഇറാനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച്‌ സൗദി, യുഎഇ, ഈജിപ്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ അടുത്തിടെ പ്രസ്താവന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുന്നറിയിപ്പുമായി സൗദി രംഗത്ത് എത്തിയത്.

അതേസമയം, ഇറാന്‍റെ ആണവ പ്രവര്‍ത്തനങ്ങള്‍ ഐക്യരാഷ്ട്ര സംഘടനയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. എന്നാല്‍ ഈ മാസം 19-ന് യുഎസ് സന്ദര്‍ശിക്കാനിരിക്കെയാണ് രാജകുമാരന്‍റെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. സിറിയ, യെമന്‍ എന്നിവിടങ്ങളിലെ ആഭ്യന്തര സംഘര്‍ഷം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കും വിരുദ്ധ നിലപാടുകളാണ്.

Lets socialize : Share via Whatsapp