ഖത്തര്‍ ലോകകപ്പിന് 13 രാജ്യങ്ങള്‍ യോഗ്യത നേടി

by Sports | 18-11-2021 | 529 views

ദോഹ: ശക്തരായ അര്‍ജന്റീന കൂടെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചതോടെ അടുത്ത വര്‍ഷം നടക്കുന്ന ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങളുടെ എണ്ണം 13 ആയി. യൂറോപ്പിലെ യോഗ്യത മത്സരങ്ങളുടെ ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഗ്രൂപ്പ് ചാമ്പ്യന്മാരായ ജര്‍മനി, ഡെന്‍മാര്‍ക്ക്‌, ഫ്രാന്‍സ്, ബെല്‍ജിയം, ക്രൊയേഷ്യ, സ്‌പെയിന്‍, സെര്‍ബിയ, സ്വിറ്റ്സര്‍ലന്‍ഡ്, ഇംഗ്ലണ്ട്, ഹോളണ്ട് എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ചാമ്പ്യന്മാരായി യോഗ്യത നേടിയത്.

ലാറ്റിനമേരിക്കായില്‍ നിന്ന് ബ്രസീലും, അര്‍ജന്റീനയും മാത്രമാണ് ഇതുവരെ യോഗ്യത നേടിയത്. ആതിഥേയരായ ഖത്തറും യോഗ്യത നേടിയവരില്‍ ഉള്‍പ്പെടുന്നു. ആഫ്രിക്കയില്‍ ഇനി യോഗ്യത റൗണ്ടിന്റെ അവസാന ഘട്ടമാണ് നടക്കാനുള്ളത്.

മൊറോക്കോ, സെനഗല്‍, ഘാന, ഈജിപ്ത്, മാലി, കോംഗോ, നൈജീരിയ, അള്‍ജീരിയ, കാമറൂണ്‍, ടുണീഷ്യ എന്നിവരാണ് ആഫ്രിക്കയില്‍ ഫൈനല്‍ റൗണ്ടിലുള്ള പത്തു ടീമുകള്‍. യൂറോപ്പില്‍ ഇനി പന്ത്രണ്ടു ടീമുകള്‍ പ്ലെ ഓഫിലും മത്സരിക്കുന്നുണ്ട്. പോര്‍ച്ചുഗല്‍, സ്കോട്ലന്‍ഡ്, ഇറ്റലി, റഷ്യ, സ്വീഡന്‍, വെയില്‍സ്‌, പോളണ്ട്, നോര്‍ത്ത് മസിഡോണിയ, തുര്‍ക്കി, ഉക്രൈന്‍, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്ക് എന്നിവരാണ് പ്ലേ ഓഫില്‍ മത്സരിക്കുന്നത്. ഇവരില്‍ നിന്ന് മൂന്ന് ടീമുകള്‍ക്ക് യോഗ്യത ലഭിക്കും.

Lets socialize : Share via Whatsapp