ഷാര്‍ജയില്‍ നിന്ന് തിരിച്ച വിമാനം മലയിലിടിച്ച്‌ തകര്‍ന്നു

by Sharjah | 11-03-2018 | 481 views

ടെഹ്റാന്‍ : യു.എ.ഇ-യിലെ ഷാര്‍ജയില്‍ നിന്ന് തുര്‍ക്കിയിലേക്ക് പോയ തുര്‍ക്കിഷ് സ്വകാര്യ വിമാനം തകര്‍ന്നുവീണ് 11 പേര്‍ കൊല്ലപ്പെട്ടു. ഷാര്‍ജയില്‍ നിന്ന് ഇസ്താംബൂളിലേക്ക് പോയ വിമാനം ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയുള്ള ശഹ്ര്‍-ഇ-കോര്‍ദ് നഗരത്തിന് സമീപം തകര്‍ന്നുവീഴുകയായിരുന്നു.

വിമാനം മലയില്‍ ഇടിച്ചു തകരുകയായിരുന്നുവെന്ന് ഇറാനിയന്‍ സര്‍ക്കാര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം തകരുന്നതിന് മുന്‍പ് എഞ്ചിനില്‍ നിന്നും തീയും പുകയും വരുന്നത് കണ്ടതായി സമീപത്തെ ഗ്രാമീണരെ ഉദ്ധരിച്ച്‌ ഇറാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാര്‍ത്താ ഏജന്‍സിയായ മിസാന്‍ റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരിയില്‍ തെക്കന്‍ ഇറാനില്‍ ഒരു എ.ടി.ആര്‍-72 ഇരട്ട എഞ്ചിന്‍ ടര്‍ബോ പ്രൊപ്പല്ലര്‍ വിമാനം തകര്‍ന്നുവീണ് 65 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Lets socialize : Share via Whatsapp