വീട്ടുജോലിക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അബുദാബിയില്‍ ഇനി മുതല്‍ പ്രത്യേക ട്രൈബ്യൂണുകള്‍

by Abudhabi | 08-03-2018 | 489 views

അബൂദബി: വീട്ടുജോലിക്കാരുടെ കേസുകള്‍ പ്രത്യേകമായി പരിഗണിക്കുന്നതിന് സ്പെഷ്യല്‍ ട്രൈബ്യൂണലുകള്‍ സ്ഥാപിച്ചുകൊണ്ട് അബൂദാബിയില്‍ ഭരണകൂടം ഉത്തരവിറക്കി. അബൂദാബി ഉപപ്രധാനമന്ത്രിയും നീതിന്യായ വകുപ്പ് തലവനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സൗയിദ് അല്‍ നഹ്യാനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതാദ്യമായാണ് അറബ് രാജ്യത്ത് വീട്ടുജോലിക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മാത്രമായി ഒരു നീതിന്യായ സംവിധാനം ആവിഷ്ക്കരിക്കുന്നത്.

ഓരോ കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സിലും വീട്ടുജോലിക്കാരുടെ കേസുകള്‍ പരിഗണിക്കുന്നതിന് പബ്ലിക് പ്രൊസിക്യൂഷനും പ്രത്യേക ജഡ്ജിയെയും നിയമിക്കാനാണ് തീരുമാനം. നീതിന്യായ സംവിധാനത്തിന്‍റെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും അതിന്‍റെ സേവനങ്ങള്‍ വളരെ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുമുള്ള അബൂദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ശ്രമങ്ങളുടെ ഭാഗമാണിത്.

വീട്ടുജോലിക്കാര്‍ നല്‍കുന്ന പരാതികളില്‍ എത്രയും വേഗം തീര്‍പ്പുകല്‍പ്പിക്കുക എന്നതാണ്  പുതിയ ട്രൈബ്യൂണലുകള്‍ സ്ഥാപിക്കുന്നതിലൂടെ ഭരണകൂടം ലക്ഷ്യമാക്കുന്നതെന്ന് അബൂദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്‍റ് അണ്ടര്‍ സെക്രട്ടറി യൂസുഫ് അല്‍ അബ്രി പറഞ്ഞു.

യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ തീരുമാന പ്രകാരമാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. റിക്രൂട്ട്മെന്‍റ് ഏജന്‍സികളുടെയും വീട്ടുടമസ്ഥരുടെയും കുടുംബങ്ങളുടെയും ചൂഷണങ്ങളില്‍ നിന്നും ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനങ്ങളില്‍ നിന്നും വീട്ടുവേലക്കാരെ സംരക്ഷിക്കുകയും അവര്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഇതിലൂടെ യുഎഇ പ്രസിഡന്‍റ് ലക്ഷ്യമിടുന്നതെന്നും ഇത് സാക്ഷാല്‍ക്കരിക്കാന്‍ അവരുടെ പരാതികള്‍ക്ക്  പരിഹാരം കാണുകയും കുറ്റവാളികള്‍ക്ക് ശക്തമായ ശിക്ഷ നല്‍കുകയും ചെയ്യുന്നതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Lets socialize : Share via Whatsapp