ഫൈസര്‍ ബൂസ്റ്റര്‍ ഡോസ് 95 ശതമാനം ഫലപ്രദമെന്ന് പഠനം

by General | 26-10-2021 | 326 views

ദുബായ്: ഫൈസര്‍ വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് 95 ശതമാനം ഫലപ്രദമാണെന്ന് യു.എ.ഇ ഗവേഷകരുടെ ശാസ്ത്രീയ പഠന റിപ്പോര്‍ട്ട്. ആദ്യ രണ്ടുഡോസ് വാക്സിനെടുത്ത 10,000 പേരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഫൈസര്‍ ബൂസ്റ്റര്‍ ഡോസ് ക്ലിനിക്കല്‍ പരീക്ഷണം നടന്നത്. ബൂസ്റ്റര്‍ ഡോസെടുത്ത ഗ്രൂപ്പില്‍ അഞ്ചുപേര്‍ക്കും അല്ലാത്തവരുടെ ഗ്രൂപ്പില്‍ 109 പേര്‍ക്കുമാണ് നിശ്ചിത കാലയളവിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

അടുത്ത ഏതാനും വര്‍ഷങ്ങളില്‍ രോഗപ്രതിരോധശേഷി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ പ്രത്യേകിച്ച്‌ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമായും ലഭ്യമാക്കണമെന്ന് ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജ് പ്രൊഫസര്‍ ഡേവിഡ് ടൈലര്‍ പറഞ്ഞു. വര്‍ഷത്തില്‍ രണ്ടോ ഒന്നോ എന്ന തോതിലാകും വാക്സിനേഷന്‍. 50 മുതല്‍ 60 വയസ്സുവരെ പ്രായമുള്ളവരില്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ണായകമെന്ന് പഠനങ്ങള്‍ വ്യക്തമാകുന്നു.

കോവിഡ് വകഭേദങ്ങളില്‍നിന്നും പൂര്‍ണ സംരക്ഷണമുറപ്പാക്കാന്‍ ബൂസ്റ്റര്‍ ഡോസുകള്‍ക്ക് കഴിയുമെന്ന് ഫൈസര്‍ ബയോ എന്‍ ടെക് സ്ഥാപകനായ ഉഗര്‍ സഹിന്‍ പറഞ്ഞു.രോഗവ്യാപന ശേഷി കൂടുതലുള്ള 80ന് മുകളില്‍ പ്രായമുള്ളവരുടെ വിഭാഗങ്ങളില്‍ ബൂസ്റ്റര്‍ ഡോസ് ഏറ്റവുമാദ്യം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Lets socialize : Share via Whatsapp