ഗാര്‍ഹികത്തൊഴിലാളി റിക്രൂട്മെന്റ് ഉടമ്പടിക്ക്‌ കുവൈത്ത് മന്ത്രിസഭ അംഗീകാരം നല്‍കി

by International | 20-10-2021 | 238 views

കുവൈത്ത്: ഇന്ത്യയുമായുണ്ടാക്കിയ ഗാര്‍ഹികത്തൊഴിലാളി റിക്രൂട്മെന്റ് ഉടമ്പടിക്ക് കുവൈത്ത് മന്ത്രിസഭ അംഗീകാരം നല്‍കി. തിങ്കളാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് ധാരണാപത്രത്തിനു അംഗീകാരം നല്‍കിയത്. കഴിഞ്ഞ ജൂണില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന്റെ കുവൈത്ത് സന്ദര്‍ശന വേളയിലാണ് ധാരണ പത്രം ഒപ്പിട്ടത്. തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതാണ് ധാരണ പത്രം. ഇതനുസരിച്ച്‌ പാസ്പോര്‍ട്ട് പിടിച്ചുവെക്കാന്‍ സ്പോണ്‍സര്‍ക്ക് അവകാശമുണ്ടാകില്ല.

സ്പോണ്‍സര്‍ തൊഴിലാളിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് എടുത്തു നല്‍കുകയും ശമ്പളം മാസത്തില്‍ കൃത്യമായി അക്കൗണ്ടില്‍ ഇടുകയും വേണം. തൊഴിലാളികള്‍ക്ക് നിയമസഹായം സൗജന്യമായിരിക്കും. റിക്രൂട്ട്മെന്റിന്റെ പേരില്‍ തൊഴിലാളിയുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചുവെക്കാനോ വെട്ടിക്കുറക്കാനോ ഏജന്‍സിക്ക് അവകാശമില്ല. പൂര്‍ണമായ ശമ്പളം തൊഴിലാളിക്ക് ലഭിക്കണം. ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും ജോലിക്കിടെ പരിക്കേറ്റാല്‍ നഷ്ടപരിഹാരവും ലഭിക്കും. കുവൈത്ത് തൊഴില്‍ നിയമത്തിന്റെ പരിരക്ഷയും ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് ലഭിക്കും.

Lets socialize : Share via Whatsapp