എക്സ്പോ സന്ദര്‍ശകര്‍ക്കായി ഔദ്യോഗിക, ബിസിനസ് ആപ്പുകള്‍ പുറത്തിറക്കി

by Business | 02-10-2021 | 379 views

ദുബായ്: എക്സ്പോ സന്ദര്‍ശകര്‍ക്കായി ഔദ്യോഗിക, ബിസിനസ് ആപ്പുകള്‍ പുറത്തിറക്കി. 2021 ഒക്ടോബര്‍ 1 മുതല്‍ എക്സ്പോ 2020 ദുബായ് സന്ദര്‍ശിക്കുന്ന ദശലക്ഷക്കണക്കിന് സന്ദര്‍ശകര്‍ക്ക് 182 ദിവസം നീണ്ട് നില്‍ക്കുന്ന ഈ പ്രദര്‍ശനം പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നതിനായാണ് ഈ ആപ്പുകള്‍ പുറത്തിറക്കിയിരിക്കുന്നത്.

ഈ ഔദ്യോഗിക ആപ്പുകളിലൂടെ എക്സ്പോ 2020 സന്ദര്‍ശിക്കുന്നവര്‍ക്ക് തങ്ങളുടെ വ്യക്തിഗത താല്‍പ്പര്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയില്‍ ഇവന്റുകളുടെയും ആകര്‍ഷണങ്ങളുടെയും ഒരു വ്യക്തിഗത ഷെഡ്യൂള്‍ സൃഷ്ടിക്കുന്നതിന് അവസരം ലഭിക്കുന്നതാണ്. മൊണാക്കോയുടെ ഇരട്ടി വലിപ്പമുള്ള എക്സ്പോ 2020 വേദിയിലെ സന്ദര്‍ശനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് ഇത് സഹായകമാണ്.

എക്സ്പോ വേദി തുറക്കുന്ന സമയങ്ങള്‍, പാര്‍ക്കിംഗ് ഓപ്ഷനുകള്‍, ദുബായിലെ വിപുലമായ പൊതുഗതാഗത ഓപ്ഷനുകള്‍ ഉപയോഗിച്ച്‌ എക്സ്പോയില്‍ എങ്ങനെ എത്തിച്ചേരാം എന്നിവ ഉള്‍പ്പെടെയുള്ള എക്സ്പോ 2020 സന്ദര്‍ശനങ്ങള്‍ സുരക്ഷിതവും ആസ്വാദ്യകരവുമാക്കുന്നതിനുള്ള വിവരങ്ങള്‍ ആപ്പിലെ ഒരു ചാറ്റ്ബോട്ട് ഉപയോഗിച്ച്‌ ലഭിക്കുന്നതാണ്.

സന്ദര്‍ശകര്‍ക്ക് ടിക്കറ്റ് വാങ്ങുന്നതിനും, 200-ലധികം ഡൈനിംഗ് ഓപ്ഷനുകളും, പ്രത്യേക പ്രമേയങ്ങളിലൂന്നിയുള്ള പാചക പരിപാടികളും തിരഞ്ഞെടുക്കാനും, ക്യൂ ഒഴിവാക്കുന്നതിനായി എക്സ്പോ 2020-ന്റെ ഇന്റലിജന്റ് സ്മാര്‍ട്ട് ക്യൂ സിസ്റ്റത്തിലൂടെ റിസര്‍വേഷനുകള്‍ നിയന്ത്രിക്കാനും സാധിക്കുന്നതാണ്. ഇതിലൂടെ അതിഥികള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച്‌ ഒരു പവലിയന്‍ സന്ദര്‍ശിക്കാന്‍ സൗകര്യപ്രദമായ സമയ സ്ലോട്ട് റിസര്‍വ് ചെയ്യാന്‍ അവസരം ലഭിക്കുന്നു.

Lets socialize : Share via Whatsapp