ഉംറ അനുഷ്ഠിക്കാന്‍ പോകുന്ന തീര്‍ത്ഥാടകര്‍ക്കുള്ള പെര്‍മിറ്റ്: മുന്നറിയിപ്പ് പുറപ്പെടുവിച്ച്‌ അധികൃതര്‍

by International | 25-09-2021 | 177 views

മനാമ: ഉംറ അനുഷ്ഠിക്കുന്നതിനായി പോകുന്ന തീര്‍ത്ഥാടകര്‍ക്ക് പെര്‍മിറ്റുകള്‍ നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച്‌ മുന്നറിയിപ്പ് നല്‍കി ബഹ്റൈന്‍ മിനിസ്ട്രി ഓഫ് ജസ്റ്റിസ് ഇസ്ലാമിക അഫയേഴ്സ് ആന്‍ഡ് എന്‍ഡോവ്‌മെന്റ്. ഉംറ പെര്‍മിറ്റുകള്‍, മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക്, പ്രവാചകന്റെ പള്ളി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനുള്ള പെര്‍മിറ്റ് നേടുന്നതിനായി സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുള്ള നടപടി ക്രമങ്ങളാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.

കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് ഉംറ വിസകള്‍ അനുവദിക്കുന്നത്. രോഗമുക്തി നേടി 14 ദിവസം പൂര്‍ത്തിയാക്കിയവര്‍, വാക്‌സിന്‍ സ്വീകരിച്ച ശേഷം 14 ദിവസം പൂര്‍ത്തിയാക്കിയവര്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് ഇത്തരത്തില്‍ അപേക്ഷിക്കാന്‍ അനുമതിയുള്ളത്. ഉംറ പെര്‍മിറ്റിന് മുഖീം ആപ്പില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. ഉംറ പെര്‍മിറ്റ് ലഭിക്കുന്നതിന് മുന്‍പായി വാക്‌സിനേഷന്‍ സ്റ്റാറ്റസ് തെളിയിക്കുന്നതിന് 'Tawakkalna', 'Eatmarna' എന്നീ ആപ്പുകള്‍ ഉപയോഗിക്കേണ്ടതാണെന്നും മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.

ഉംറ പെര്‍മിറ്റ് പ്രകാരം തീര്‍ത്ഥാടനത്തിന് അനുവദിച്ചിട്ടുള്ള സമയക്രമം കൃത്യമായി പാലിക്കേണ്ടതാണ്. ഫൈസര്‍ ബയോഎന്‍ടെക്, ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രസെനേക, മോഡര്‍ന, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ കോവിഡ് വാക്‌സിനുകള്‍ ഉപയോഗിച്ച്‌ വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ വിദേശ തീര്‍ത്ഥാടകര്‍ക്കാണ് സൗദി ഉംറ അനുഷ്ഠിക്കുന്നതിനായി പ്രവേശനം അനുവദിക്കുന്നത്.

സിനോഫാം, സിനോവാക് എന്നീ വാക്‌സിനുകള്‍ സ്വീകരിച്ചിട്ടുള്ളവര്‍ക്ക് ഫൈസര്‍, ആസ്ട്രസെനേക, മോഡര്‍ന, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകളുടെ ബൂസ്റ്റര്‍ ഡോസ് എടുത്ത ശേഷം പ്രവേശനം അനുവദിക്കുന്നതാണ്. ഉംറ പെര്‍മിറ്റുകള്‍ ഇല്ലാതെ തീര്‍ത്ഥാടനത്തിന് ശ്രമിക്കുന്നവര്‍ക്ക് കനത്ത പിഴ ഉള്‍പ്പടെയുള്ള നടപടികള്‍ നേരിടേണ്ടി വരുന്നതാണെന്നും മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.

Lets socialize : Share via Whatsapp