കുവൈത്തില്‍ ബിരുദധാരികളല്ലാത്ത പ്രവാസികളുടെ ഇഖാമ പുതുക്കാന്‍ 2000 ദീനാറോ? പിന്‍വലിക്കണമെന്നാവശ്യം

by International | 25-09-2021 | 315 views

കുവൈത്ത് സിറ്റി: രാജ്യത്ത് 60 കഴിഞ്ഞ, ബിരുദധാരികളല്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കുന്നതിന് 2,000 ദിനാര്‍ ഫീസ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം പിന്‍‌വലിക്കണമെന്ന് കുവൈത്ത് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്‌ട്രി ചെയര്‍മാന്‍ മുഹമ്മദ് അല്‍ സഖര്‍. മാന്‍‌പവര്‍ അതോറിറ്റിയുടെ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിനു നിവേദനവും നല്‍കി.

ഇഖാമ പുതുക്കാനായി വന്‍ തുക നല്‍കാന്‍ ഭൂരിപക്ഷം ആളുകളും തയാറാകില്ല. പരിചയസമ്ബന്നരായ ആളുകളുടെ സേവനം രാജ്യത്തിന് ലഭിക്കാത്ത സാഹചര്യമാകും അതുവഴി സൃഷ്ടിക്കപ്പെടുകയെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

അതെ സമയം ഫീസ് 500 ദിനാര്‍ ആയി നിജപ്പെടുത്തി ഇഖാമ പുതുക്കുന്നതിന് സൗകര്യം നല്‍കാമെന്നാണ് വാണിജ്യ-വ്യവസായ മന്ത്രി അബ്ദുല്ല അല്‍ സല്‍മാന്റെ അഭിപ്രായമെന്നും എന്നാല്‍ 2,000 ദിനാര്‍ എന്ന കാര്യത്തില്‍ മാന്‍‌പവര്‍ അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് മൂസ നിര്‍ബന്ധം പിടിക്കുകയാണെന്നും ചേംബര്‍ വെളിപ്പെടുത്തി. രാജ്യത്ത് കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ 60 കഴിഞ്ഞ ബിരുദധാരികള്‍ അല്ലാത്ത വിദേശികള്‍ക്ക് ഇഖാമ പുതുക്കി നല്‍കുന്നില്ല. ഈ പ്രതിസന്ധി നിലനില്‍ക്കെയാണ് ഫീസ് ഈടാക്കി ഇഖാമ പുതുക്കി നല്‍കാമെന്ന ആലോചന ശക്തമായത്.

Lets socialize : Share via Whatsapp