സൗദിയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ്; ആശങ്കകള്‍ക്കും ചോദ്യങ്ങള്‍ക്കുമിടയില്‍ പ്രവാസികള്‍

by International | 25-09-2021 | 230 views

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് കൊവിഡിന്റെ തുടക്കത്തില്‍ നിര്‍ത്തിവച്ചതാണ് സൗദി അറേബ്യ. ഇന്ത്യയില്‍ ഉയര്‍ന്ന തോതില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തതോടെ നിരോധനം തുടര്‍ന്നു. പിന്നീട് ഇന്ത്യയിലേക്ക് വരാന്‍ അവസരം ലഭിച്ചുവെങ്കിലും തിരിച്ച്‌ സൗദിയിലേക്കുള്ള യാത്ര സാധ്യമായില്ല. ആഴ്ചകള്‍ക്ക് മുമ്ബ് ചില ഇളവുകള്‍ സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു. സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് യാത്രാ അനുമതിയുള്ളത്.

എന്നാല്‍ ഇപ്പോള്‍ എയര്‍ ഇന്ത്യ നല്‍കിയിരിക്കുന്ന അറിയിപ്പ് പ്രവാസികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. ഒക്ടോബര്‍ 31 മുതല്‍ സൗദിയിലെ മൂന്ന് വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുമെന്നാണ് എയര്‍ ഇന്ത്യ ട്വിറ്ററില്‍ അറിയിച്ചത്. എന്നാല്‍ ട്രാവല്‍ ഏജന്‍സികള്‍ നല്‍കുന്ന വിവരം മറ്റുചിലതാണ്. 

ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിക്കുന്നു. ഒക്ടോബര്‍ 31 മുതല്‍ 2022 മാര്‍ച്ച്‌ 26 വരെ സര്‍വീസ് ഉണ്ടാകുമെന്നാണ് അറിയിപ്പ്. ജിദ്ദ, റിയാദ്, ദമ്മാം തുടങ്ങിയ വിമാനത്താവളങ്ങളിലേക്കാണ് എയര്‍ ഇന്ത്യയുടെ സര്‍വീസുണ്ടാകുക. ബുക്കിങ് തുടരുന്നുണ്ടെന്നും അംഗീകൃത ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെടണമെന്നും എയര്‍ ഇന്ത്യ ട്വിറ്ററില്‍ അറിയിച്ചു. പുതിയ വിവരം പ്രവാസികള്‍ക്ക് നേരിയ ആശ്വാസമായിട്ടുണ്ട്.

അതേസമയം, ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെട്ടവര്‍ അവര്‍ നല്‍കുന്ന വിവരങ്ങള്‍ മറ്റു ചിലതാണ്. സൗദിയില്‍ നിന്ന് രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ആഴ്ചകള്‍ക്ക് മുമ്ബ് സൗദി ഇളവ് നല്‍കിയിട്ടുണ്ട്. അതേ ഇളവ് തന്നെയാണ് തുടരുക എന്ന് ട്രാവല്‍ ഏജന്‍സിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ എടുത്തവര്‍ക്ക് യാത്രയ്ക്ക് അനുമതിയില്ലെന്നും ഏജന്‍സികള്‍ പ്രതികരിച്ചു.

സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍, ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്കാണ് നിലവില്‍ സൗദിയിലേക്ക് പ്രവേശനം നല്‍കുന്നത്. അതേസമയം, സൗദിയില്‍ നിന്ന് ഒരു ഡോസ് വാക്‌സിന്‍ എടുത്ത ശേഷം നാട്ടിലെത്തിയപ്രവാസികള്‍ നിരവധിയാണ്. ചിലര്‍ സൗദിയില്‍ നിന്ന് വാക്‌സിന്‍ എടുക്കാതെ നാട്ടിലെത്തിയ ശേഷം എടുത്തവരാണ്. അവര്‍ക്കൊന്നും ഇപ്പോള്‍ യാത്രയ്ക്ക് അനുമതിയില്ലെന്ന് ട്രാവല്‍ ഏജന്‍സി രംഗത്തുള്ളവര്‍ പറഞ്ഞു.

ഒക്ടോബര്‍ 31 മുതല്‍ എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിക്കുന്നത് ശരിയായിരിക്കാം. പക്ഷേ, ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ എടുത്തവര്‍ക്ക് യാത്ര സാധ്യമാകാനിടയില്ല. ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ട്രാവല്‍ ഏജന്‍സി രംഗത്തുള്ളവര്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് നവംബറിന് ശേഷമേ യാത്ര സാധ്യമാകൂ എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ അറിയിച്ചു.

കാലാവധി കഴിയുന്ന ഇഖാമ പുതുക്കുന്നതിനു നവംബര്‍ വരെ സൗദി അവസരം നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നവംബര്‍ വരെ എല്ലാവര്‍ക്കും യാത്ര സാധ്യമാകാന്‍ ഇടയില്ല. ഡിസംബറില്‍ ഒരുപക്ഷേ യാത്രയ്ക്ക് അനുമതി ലഭിച്ചേക്കാം. യുഎഇ-സൗദി റൂട്ട് ഓപണ്‍ ആയതോടെ പ്രവാസികള്‍ ഈ വഴിയാണ് യാത്ര തുടരുന്നത്. ഖത്തര്‍ റൂട്ടിനേക്കാള്‍ ചെലവ് കുറവാണ് യുഎഇ വഴി.

Lets socialize : Share via Whatsapp