എട്ടു വയസുകാരനെ പീഡിപ്പിച്ചു; യുഎഇയില്‍ രണ്ട് പ്രവാസികള്‍ക്ക് ആറുമാസം തടവ്

by Dubai | 25-09-2021 | 272 views

ദുബായ്: പലചരക്ക് കടയില്‍ വെച്ച്‌ എട്ടു വയസുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ അജ്മാനില്‍ രണ്ടു പ്രവാസികള്‍ക്ക് ആറു മാസം തടവ് ശിക്ഷ വിധിച്ചു. ഇരുപതും 31ഉം വയസുള്ള രണ്ടു പേര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

അറബ് വംശജനായ എട്ട് വയസുകാരനെയാണ് പ്രതികള്‍ ഒരു പലചരക്ക് കടയില്‍വച്ച്‌ ലൈംഗികമായി പീഡിപ്പിച്ചത്. മേയ് 20ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. പീഡന വിവരം കുട്ടി വീട്ടില്‍ പറഞ്ഞതോടെയാണ് ഇത് പുറത്തറിഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന അപ്പാര്‍ട്ടമെന്റീന്റെ താഴത്തെ നിലയിലാണ് പലചരക്ക് കട പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ വെച്ചാണ് പീഡനം നടന്നത്. കടയിലെ മാനേജരും സുഹൃത്തും ചേര്‍ന്നാണ് കുട്ടിയെ പീഡിപ്പിച്ചത്.

ബ്രഡ് വാങ്ങാനായി കടയില്‍ എത്തിയപ്പോഴാണ് കുട്ടിയെ ബലമായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. അന്വേഷിച്ച്‌ എത്തിയ സഹോദരനോട് കുട്ടി വിവരം പറഞ്ഞു. തുടര്‍ന്ന് പിതാവിനെ അറിയിക്കുകയുമായിരുന്നു. കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളും പ്രതികള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പൊലീസ് രണ്ടു പ്രതികളെയും പിറ്റേ ദിവസം തന്നെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു.

Lets socialize : Share via Whatsapp