അബൂദബിയില്‍ ഗ്രീന്‍ സ്​റ്റാറ്റസിന്​ ബൂസ്​റ്റര്‍ വേണം

by Abudhabi | 21-09-2021 | 293 views

അബൂദബി: ആറുമാസം മുമ്പ്​​ സിനോഫാം വാക്‌സിന്‍ എടുത്തവര്‍ ബൂസ്​റ്റര്‍ ഷോട്ട് എടുക്കേണ്ടതിന്റെ കാലാവധി ഇന്നലെ അവസാനിച്ചു. ഇതോടെ ബൂസ്​റ്റര്‍ ഷോട്ട് എടുക്കാത്തവരുടെ അല്‍ഹുസ്​ന്‍ ആപ് സ്​റ്റാറ്റസ് ഗ്രേ നിറമായി മാറും. ആറ് മാസം മുമ്പ്​​ സിനോഫാം വാക്‌സിന്‍ എടുത്തവര്‍ക്ക് ഗ്രീന്‍ സ്​റ്റാറ്റസ് നിലനിര്‍ത്താന്‍ ബൂസ്​റ്റര്‍ ആവശ്യമാണ്. ബൂസ്​റ്റര്‍ ഷോട്ട് എടുത്തവര്‍ക്ക്, 30 ദിവസത്തിലൊരിക്കല്‍ പി.സി.ആര്‍ ടെസ്​റ്റ് നടത്തിയാല്‍ ഗ്രീന്‍ സ്​റ്റാറ്റസ് നിലനിര്‍ത്താന്‍ സാധിക്കും.

സെപ്റ്റംബര്‍ 20നകം ബൂസ്​റ്റര്‍ എടുക്കണമെന്ന് അധികൃതര്‍ 30 ദിവസം മുമ്പ്​ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതാണ് ഇന്നലെ അവസാനിച്ചത്. പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഗ്രീന്‍ സ്​റ്റാറ്റസ് ആവശ്യമാണ്. ഗ്രേ സ്​റ്റാറ്റസ് ഉള്ളവര്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്യും. പൊതുയിടങ്ങള്‍, ഷോപ്പിങ് സെന്‍ററുകള്‍, റസ്​റ്റാറന്‍റുകള്‍ എന്നിവിടങ്ങളിലെ സുരക്ഷാജീവനക്കാര്‍ സന്ദര്‍ശകര്‍ക്ക് ഗ്രീന്‍ പാസ് ഉണ്ടോ എന്ന് പരിശോധിക്കും.

ഗ്രീന്‍ സ്​റ്റാറ്റസ് ഉള്ളവര്‍ക്ക് പ്രവേശിക്കാവുന്ന കടകള്‍, റസ്​റ്റാറന്‍റുകള്‍, കഫേകള്‍, ജിമ്മുകള്‍, വിനോദ, കായികകേന്ദ്രങ്ങള്‍, ആരോഗ്യ ക്ലബുകള്‍ തുങ്ങിയവയുടെ പട്ടിക അധികൃതര്‍ പ്രസിദ്ധീകരിച്ചിരുന്നു. റിസോര്‍ട്ടുകള്‍, മ്യൂസിയങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, തീം പാര്‍ക്കുകള്‍, സര്‍വകലാശാലകള്‍, സ്ഥാപനങ്ങള്‍, പൊതു, സ്വകാര്യ സ്‌കൂളുകള്‍, കുട്ടികളുടെ നഴ്‌സറികള്‍ എന്നിവയും പട്ടികയിലുണ്ട്. കൃത്യമായ ഇടവേളകളില്‍ പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റിവ് ആണെന്ന് ഉറപ്പുവരുത്താന്‍ അബൂദബി നിവാസികള്‍ ജാഗ്രതപുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്കുള്ള ഉത്തരവാദിത്തമാണ് വ്യക്തമാക്കുന്നതെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.

Lets socialize : Share via Whatsapp