തൊഴിലാളികള്‍ക്ക് വിശ്രമിക്കുന്നതിനായി ഷാര്‍ജയില്‍ പുതിയ പാര്‍ക്ക്

by International | 21-09-2021 | 239 views

ഷാര്‍ജ: തൊഴിലാളികള്‍ക്ക് വിശ്രമിക്കുന്നതിനായുള്ള ഒരു പുതിയ പാര്‍ക്ക് ഷാര്‍ജയില്‍ പ്രവര്‍ത്തനമാരംഭിച്ചു. അല്‍ സജാ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് പുതിയ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചത്. എമിറേറ്റിലെ പൊതുസമൂഹത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മികച്ച സൗകര്യങ്ങള്‍ നല്‍കുന്നത് ലക്ഷ്യമിട്ടുള്ള നയത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഷാര്‍ജ ഭരണാധികാരിയുടെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഷാര്‍ജ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് വര്‍ക്‌സാണ പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഷാര്‍ജ ലേബര്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഡെവലപ്‌മെന്റ് അതോറിറ്റിയുമായി ചേര്‍ന്നാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്.

അല്‍ സജാ ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ ഒരു ലക്ഷത്തോളം തൊഴിലാളികള്‍ക്ക് പാര്‍ക്ക് പ്രയോജനപ്രദമാകുമെന്ന് ഷാര്‍ജ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് വര്‍ക്‌സ് കൗണ്‍സില്‍ അംഗം അലി ബിന്‍ ഷഹീന്‍ അല്‍ സുവൈദി അറിയിച്ചു. ഷാര്‍ജയിലെ ഏകദേശം 70 ശതമാനത്തോളം തൊഴിലാളികളും അല്‍ സജാ ഇന്‍ഡസ്ട്രിയല്‍ മേഖലയിലാണ് തൊഴില്‍ ചെയ്യുന്നത്.

പതിനയ്യായിരം ചതുരശ്ര മീറ്ററാണ് പാര്‍ക്കിന്റെ വിസ്തീര്‍ണ്ണം. രണ്ട് ക്രിക്കറ്റ് പിച്ചുകള്‍, നടക്കാനുള്ള പാതകള്‍, വിവിധ കായികയിനങ്ങള്‍ക്കായുള്ള രണ്ട് മൈതാനങ്ങള്‍, പുല്‍മൈതാനം തുടങ്ങിയ പാര്‍ക്കിലുണ്ട്. പള്ളി, കഫേ മറ്റു അനുബന്ധസേവനങ്ങള്‍ എന്നിവയും ഉടന്‍ പാര്‍ക്കിനുള്ളില്‍ ആരംഭിക്കും.

Lets socialize : Share via Whatsapp