കേരളത്തിലെ ഓണം ബമ്പര്‍ 12 കോടി അടിച്ചത് ദുബായില്‍, ഗൂഗിള്‍ പേ വഴി പണം നല്‍കിയപ്പോള്‍ പ്രവാസിക്ക് ടിക്കറ്റ് കിട്ടിയത് വാട്സാപ്പില്‍

by Dubai | 20-09-2021 | 297 views

ദുബായ്: സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി രൂപയുടെ തിരുവോണം ബമ്പര്‍ അടിച്ച ഭാഗ്യവാനാരാണെന്ന് നറുക്കെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരയുകയാണ് മലയാളികള്‍. എന്നാല്‍ ആ ഭാഗ്യവാന്‍ കേരളത്തിലല്ല കടലിനപ്പുറം ദുബായിലാണുള്ളതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഓണ്‍ലൈന്‍ യുഗത്തില്‍ ഗൂഗിള്‍ പേയിലൂടെ പണം നല്‍കി സുഹൃത്ത് വഴി ലോട്ടറി ടിക്കറ്റിന്റെ ചിത്രം വാട്സാപ്പില്‍ വാങ്ങി ഭാഗ്യത്തിനായി കാത്തിരുന്ന വയനാട് പനമരം സ്വദേശി സൈതലവിയാണ് ആ ഭാഗ്യവാന്‍. ദുബായില്‍ ഒരു റസ്റ്റോറന്റില്‍ ജോലി നോക്കുകയാണ് നാല്‍പ്പത്തഞ്ച്കാരനായ ഈ വയനാടുകാരന്‍.

ഒരാഴ്ച മുന്‍പാണ് സൈതലവി പാലക്കാട്ടുകാരനായ സുഹൃത്തിനെ കൊണ്ട് ടിക്കറ്റ് എടുത്തത്. ഒറ്റ ടിക്കറ്റ് മാത്രമാണ് ഇയാള്‍ എടുത്തത്. ഇതിനായുള്ള 300 രൂപ ഗൂഗിള്‍ പേ വഴിയാണ് അയച്ചു കൊടുത്തത്, പകരം സുഹൃത്ത് ടിക്കറ്റിന്റെ ഫോട്ടോ വാട്സാപ്പ് ചെയ്തു കൊടുത്തു. ഒന്നാം സമ്മാനം തനിക്കാണെന്ന് അറിഞ്ഞതോടെ സൈതലവി മകനെ വിട്ട് പാലക്കാട് നിന്നും ടിക്കറ്റ് കണ്ട് ബോദ്ധ്യപ്പെട്ടു. ടിക് ടോക് വിഡിയോയിലൂടെയാണ് സൈതലവി വിജയിയായ വിവരം യൂട്യൂബറായ തളിപ്പറമ്ബ് സ്വദേശി ജാസിം കുട്ടിയസന്‍ പുറത്ത് വിട്ടത്. ഇവര്‍ ഒരിടത്താണ് ദുബായില്‍ താമസിക്കുന്നത്.

കൊല്ലം കരുനാഗപ്പള്ളി സബ് ഓഫീസില്‍ വിതരണം ചെയ്ത ടി.ഇ 645465 നമ്പര്‍ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം അടിച്ചത്. 10 ശതമാനം ഏജന്റ് പ്രൈസും കമ്മിഷനും, ആദായനികുതിയും കിഴിച്ച്‌ 7.39 കോടി ഒന്നാം സമ്മാനമായി സൈതലവിക്ക് ലഭിക്കും.

Lets socialize : Share via Whatsapp