ഒമാനില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

by International | 20-09-2021 | 164 views

ഒമാനില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. രോഗവ്യാപനത്തിലും മരണത്തിലും ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് നടന്ന സുപ്രീം കമ്മിറ്റി യോഗം ഇളവുകള്‍ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച നമസ്‌കാരത്തിന് അനുമതി നല്‍കാനുള്ള തീരുമാനമാണ് ഇളവുകളില്‍ പ്രധാനപ്പെട്ടത്.

നീണ്ട 18 മാസത്തെ ഇടവേളക്ക് ശേഷമാണ് ജുമുഅ പുനരാരംഭിക്കുന്നത്. അടുത്ത വെള്ളിയാഴ്ച മുതല്‍ നമസ്‌കാരം ആരംഭിക്കാനാണ് സുപ്രീം കമ്മിറ്റി അനുമതി നല്‍കിയിട്ടുള്ളത്. സെപ്റ്റംബര്‍ അവസാനം വരെ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.

മൊത്തം ശേഷിയുടെ അമ്ബത് ശതമാനം വിശ്വാസികളെ മാത്രമാണ് പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. സാമൂഹിക, സാംസ്‌കാരിക, മതപരം, കായികം തുടങ്ങിയ പരിപാടികള്‍, പ്രദര്‍ശനങ്ങള്‍, സമ്മേളനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. പരിപാടികള്‍ നടക്കുന്ന സ്ഥലത്തിന്റെ പകുതിശേഷിയില്‍ മാത്രമാണ് ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ.

Lets socialize : Share via Whatsapp