കുവൈത്തില്‍ ബൂസ്​റ്റര്‍ ഡോസ് വാക്​സിന്‍ സെപ്​റ്റംബര്‍ അവസാനം നല്‍കിത്തുടങ്ങും

by International | 02-09-2021 | 318 views

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ്​ പ്രതിരോധ വാക്​സിന്‍ ബൂസ്​റ്റര്‍ ഡോസ്​ സെപ്​റ്റംബര്‍ അവസാനത്തോടെ നല്‍കിത്തുടങ്ങുമെന്ന്​ റിപ്പോര്‍ട്ട്​. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ഉള്‍പ്പെടെ ശാരീരിക പ്രതിരോധശേഷി കുറഞ്ഞവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ബൂസ്​റ്റര്‍ ഡോസ് നല്‍കുക.

ഏതു വാക്‌സിന്‍ ലഭിച്ചവര്‍ക്കും ഫൈസര്‍ ബയോണ്‍ടെക് വാക്‌സിനാണ് മൂന്നാം ഡോസായി നല്‍കുകയെന്നും മന്ത്രാലയം വ്യക്തമാക്കി. പ്രായമായവര്‍, അര്‍ബുദബാധിതര്‍, ഗുരുതര രോഗികള്‍, അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവര്‍ എന്നിവര്‍ക്കാണ്​ ബൂസ്​റ്റര്‍ ഡോസ്​ നല്‍കുക.

ആദ്യ രണ്ടു​ ഡോസുകള്‍ സ്വീകരിച്ചത്​ ഏതു​ വാക്​സിന്‍ ആണെങ്കിലും ബൂസ്​റ്റര്‍ ആയി ഫൈസര്‍ ആണ്​ നല്‍കുക. അതേസമയം, മൂന്നാമത്​ ഡോസ്​ സ്വീകരിക്കണമോ എന്ന്​ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്കുണ്ട്​. നിലവില്‍ മികച്ച രീതിയിലാണ് രാജ്യത്ത് വാക്സിന്‍ വിതരണം പുരോഗമിക്കുന്നത്. ഇതേ രീതിയില്‍ വാക്‌സിന്‍ രജിസ്‌ട്രേഷനും വിതരണവും പുരോഗമിക്കുകയാണെങ്കില്‍ അടുത്ത മാസത്തോടെ 100 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Lets socialize : Share via Whatsapp