ദുബൈ എക്​സ്​പോയിലേക്ക്​ ഇനി 50​ ദിനം

by Business | 11-08-2021 | 708 views

ദുബൈ: വിജ്ഞാനവും ആനന്ദവും സമന്വയിക്കുന്ന, ലോകൈക്യത്തി​ന്‍റെ മനോഹരവേദിയായിത്തീരുന്ന എക്​സ്​പോ 2020 ദുബൈയിലേക്ക്​ ഇനി 50 ദിനങ്ങള്‍ കൂടി. കോവിഡ്​ മഹാമാരിയെ അതിജീവിച്ച്‌​ ലോകം പുതിയ കുതിപ്പിന്​ തുടക്കമിടുന്നതിന്‍റെ നാന്ദിയായിത്തീരുന്ന സംഗമത്തിന്​ ഒരുക്കം പൂര്‍ത്തീകരിച്ചു​. 192 രാജ്യങ്ങളുടെയും വിവിധ സ്​ഥാപനങ്ങളുടെയും പവലിയനുകള്‍ അവസാന മിനുക്കുപണികളിലാണ്​. രണ്ടര സ്​ക്വയര്‍ കിലോമീറ്ററിര്‍ ആധുനിക സുരക്ഷ-ആരോഗ്യ സംരക്ഷണ സന്നാഹങ്ങളാണുള്ളത്​. മേളയുടെ കേന്ദ്രമായ അല്‍ വസ്​ല്‍ നിര്‍മാണം പൂര്‍ത്തിയാവുകയാണ്​. എക്​സ്​പോയുടെ ഉപ തീമുകളിലായി 'അവസരം', 'ചലനാത്മകത', 'സുസ്ഥിരത' എന്നിങ്ങനെ മൂന്നു ഡിസ്ട്രിക്​ടുകളാണ്​ ഉണ്ടാവുക. ഇവയിലൊന്നിലാണ്​ ഓരോ രാജ്യത്തിനും പവലിയനുകള്‍ അനുവദിച്ചത്​. 'അവസരം' കൂട്ടത്തിലാണ്​ ഇന്ത്യന്‍ പവലിയന്‍​.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാസ്​കാരിക വൈവിധ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സംഗീത-നൃത്തപരിപാടികള്‍, പൈതൃകവും അവസരങ്ങളും വരച്ചിടുന്ന പ്രദര്‍ശനങ്ങള്‍, മനുഷ്യനും മണ്ണിനും വേണ്ടിയുള്ള വൈജ്ഞാനിക ചിന്തകളുടെ കൈമാറ്റം, ​വിദഗ്​ധരുടെ സംഭാഷണങ്ങള്‍, രുചിഭേദങ്ങള്‍ രസിച്ചറിയാന്‍ അവസരമൊരുക്കുന്ന ഭക്ഷ്യകേന്ദ്രങ്ങള്‍ തുടങ്ങി ഒരുങ്ങുന്നത്​ എല്ലാ അഭിരുചിക്കാരെയും രസിപ്പിക്കുന്ന പരിപാടികളാണ്​.

എക്​സ്​പോ കലണ്ടര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഭൂമിയിലെ മുഴുവന്‍ മനുഷ്യരും അനുഭവിക്കുന്ന വെല്ലുവിളികളിലേക്കും അവസരങ്ങളിലേക്കും വെളിച്ചംവീശുന്നതും എക്​സ്​പോയിലെത്തുന്നവര്‍ക്ക്​ മാറ്റത്തിന്​ പ്രചോദനം പകരുന്നതായിരിക്കും പരിപാടികളെന്നാണ്​ അധികൃതര്‍ അവകാശപ്പെടുന്നത്​. ഒക്​ടോബര്‍ ഒന്നിന്​ ആരംഭിച്ച്‌​​ അടുത്ത വര്‍ഷം മാര്‍ച്ച്‌​ 31ന്​ എക്​സ്​പോ പിരിയുന്നതോടെ 'ഡിസ്​ട്രിക്‌ട്​​ 2020' എന്ന പേരിലെ സിറ്റിയായി നഗരി രൂപപ്പെടുത്താനും പദ്ധതിയുണ്ട്​.

മുന്‍കാലങ്ങളില്‍ ഷാങ്​ഹായിലും മിലാനിലും നടന്ന മുന്‍ എക്​സ്​പോകളുടെ മെച്ചവും വീഴ്​ചകളും വിലയിരുത്തിയാണ്​ ദുബൈ എക്​സ്​പോ ഒരുക്കിയത്​. മിലാന്‍ എക്​സ്​പോ കൃത്യമായി നിരീക്ഷിച്ചാണ്​ പഠനം നടത്തിയത്​. അഞ്ചുവര്‍ഷത്തില്‍ തീര്‍ത്ത നഗരം 170 വര്‍ഷത്തെ എക്​സ്​പോ ചരിത്രത്തിലെ സുസ്​ഥരിമായ ആദ്യ എക്​സ്​പോയാക്കി മാറ്റാനാണ്​ ​അധികൃതര്‍ ലക്ഷ്യമിടുന്നത്​.

Lets socialize : Share via Whatsapp