അബൂദബിയില്‍ വിദേശികള്‍ക്ക് പ്രഫഷനല്‍ കമ്പനികളുടെ പൂര്‍ണ ഉടമകളാവാം​

by Abudhabi | 11-08-2021 | 259 views

അബൂദബി: തലസ്​ഥാന എമിറേറ്റില്‍ പ്രഫഷനല്‍ കമ്പനികളുടെ ഉടമസ്ഥാവകാശം പൂര്‍ണമായും സ്വന്തമാക്കാന്‍ വിദേശികളെ അനുവദിക്കും. പുതിയ നിക്ഷേപകരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്​ 604 പ്രഫഷനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക്​ ലൈസന്‍സ് വിദേശികള്‍ക്ക്​ അനുവദിക്കാന്‍ അബൂദബി സാമ്പത്തിക വികസന വകുപ്പ് തീരുമാനിച്ചത്​. അക്കൗണ്ടിങ്, പരിശീലനം, കണ്‍സല്‍ട്ടന്‍സി, സൗന്ദര്യ കേന്ദ്രങ്ങള്‍, കമ്പ്യൂട്ടര്‍, ഇന്‍റര്‍നെറ്റ്, നെറ്റ്​വര്‍ക് കമ്പനികള്‍ തുടങ്ങിയവയാണ്​ അനുവദിക്കുക.

അടുത്ത 50 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയ്ക്ക് തയാറെടുക്കുന്നതിന്‍റെ ഭാഗമായി ബിസിനസ് ഇടപാടുകള്‍ എളുപ്പമാക്കാനും ആഗോള മത്സരശേഷി മെച്ചപ്പെടുത്താനും നിരവധി പുതിയ പരിഷ്​കാരങ്ങള്‍ സാമ്പത്തിക വികസന വകുപ്പ് നിക്ഷേപകര്‍ക്കായി അവതരിപ്പിക്കുന്നുണ്ട്​. ഒരു ബിസിനസ്​ സംരംഭം ആരംഭിക്കുന്നതിന്‍റെ മൂന്നുപാധികള്‍ 71 ശതമാനമായി കുറക്കുകയും സ്വകാര്യ മേഖലയെ കൂടുതല്‍ പിന്തുണയ്ക്കുന്നതിന് ബിസിനസ് സെറ്റപ് ഫീസ് 90 ശതമാനത്തിലധികം വെട്ടിക്കുറക്കുകയും ചെയ്​തത്​ ഇതി​ന്‍റെ ഭാഗമാണ്​. പുതിയ ഉത്തരവിലൂടെ പ്രഫഷനല്‍ ലൈസന്‍സിന്​ അപേക്ഷിക്കുന്ന നിക്ഷേപകന് കടമ്ബയില്ലാതെ വാണിജ്യസ്​ഥാപനം തുറക്കാം.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അബൂദബി സാമ്പത്തിക വ്യവസ്ഥ ആറു മുതല്‍ എട്ടു ശതമാനം വരെ വളര്‍ച്ചയാണ്​ പ്രതീക്ഷിക്കുന്നത്​. സര്‍ക്കാറിന്‍റെ സാമ്പത്തിക ഇടപെടലുകള്‍, സാമ്പത്തിക സേവനങ്ങള്‍, വിദേശികളുടെ നേരിട്ടുള്ള നിക്ഷേപം എന്നിവ സഹായകമാവുമെന്ന് പ്രതീക്ഷിക്കുന്നു. കൃഷി, വ്യവസായം, സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ 122 സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശികള്‍ക്ക് നേരിട്ട് ലൈസന്‍സ് നല്‍കും.

എന്നാല്‍, പെട്രോളിയം, പര്യവേക്ഷണം, ഉല്‍പാദനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍, കര, വ്യോമ ഗതാഗത സേവനങ്ങള്‍, ഇന്‍വെസ്​റ്റിഗേഷന്‍, സുരക്ഷ, സൈനിക മേഖലകള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, ആയുധനിര്‍മാണം, ബാങ്കിങ്, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, സ്വകാര്യ ഫാര്‍മസികള്‍ പോലുള്ള മെഡിക്കല്‍ റീട്ടെയിലിങ്​ എന്നീ മേഖലയില്‍ വിദേശികള്‍ക്ക് നേരിട്ട്​ നിക്ഷേപത്തിന്​ ലൈസന്‍സ് ലഭിക്കില്ല.

Lets socialize : Share via Whatsapp