
ദുബൈ: മൂന്നിനും 15നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിനേഷന് നിര്‍ബന്ധമില്ലെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കുട്ടികള്‍ക്ക് രാജ്യത്ത് വാക്സിനേഷന് ആരംഭിച്ച പശ്ചാത്തലത്തിലാണ് മന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. സ്വയംസന്നദ്ധരായി വരുന്നവര്‍ക്കാണ് വാക്സിന് ലഭ്യമാക്കുക. 47 കേന്ദ്രങ്ങളിലായാണ് നിലവില്‍ മൂന്നു മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നത്.
ഷാര്‍ജയില്‍ 19 കേന്ദ്രങ്ങളിലും ഫുജൈറ 10, റാസല്‍ഖൈമ 9, അജ്മാന് മൂന്ന്, ഉമ്മുല്‍ഖുവൈന്‍ മൂന്ന്, ദുബൈ ഒന്ന് എന്നിങ്ങനെ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. മൂന്ന് മുതല്‍ 11 വയസ്സുവരെയുള്ളവര്‍ക്ക് സിനോഫാമും 12 മുതല്‍ മുകളിലുള്ളവര്‍ക്ക് സിനോഫാമോ ഫൈസറോ ആണ് നല്‍കുക.
യു.എ.ഇ കഴിഞ്ഞ ആഴ്ചയിലാണ് കുട്ടികളില്‍ സിനോഫാം ഉപയോഗത്തിന് അംഗീകാരം നല്‍കിയത്. ക്ലിനിക്കല്‍ പരീക്ഷണത്തില്‍ സുരക്ഷിതമാണെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ക്ക് വാക്സിന് നല്കാന് തീരുമാനിച്ചതെന്ന് ആരോഗ്യവകുപ്പ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ മുഴുവന്‍ യോഗ്യരായവര്‍ക്കും വാക്സിന് നല്‍കലാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.