തൊഴിലാളികളുടെ മാനസികാരോഗ്യം ഖത്തറിനെ പ്രശംസിച്ച്‌ അന്താരാഷ്​ട്ര മാഗസിന്‍

by International | 10-08-2021 | 138 views

ദോഹ: ഖത്തറില്‍ തൊഴിലാളികള്‍ക്കായുള്ള മാനസികാരോഗ്യ സേവനങ്ങളെ പ്രശംസിച്ച്‌ അന്താരാഷ്​ട്ര മാഗസിനായ ഏഷ്യന്‍ ജേണല്‍ ഓഫ് സൈക്യാട്രി. പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, ഖത്തര്‍ റെഡ്ക്രസന്‍റ് സൊസൈറ്റി, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി എന്നിവരുടെ സംയുക്ത സഹകരണത്തിലാണ് തൊഴിലാളികള്‍ക്കാവശ്യമായ മാനസികാരോഗ്യ സേവനങ്ങള്‍ നല്‍കിവരുന്നത്.

രാജ്യത്തെ തൊഴിലാളികള്‍ക്ക് മാനസികവും ശാരീരികവുമായ സേവനങ്ങള്‍ ഉറപ്പുവരുത്തുകയെന്നത് പൊതുജനാരോഗ്യ മന്ത്രാലയത്തി​ന്‍റെയും മന്ത്രാലയത്തിന് കീഴിലെ സ്​ഥാപനങ്ങളുടെയും മുഖ്യ അജണ്ടകളിലുള്‍പ്പെടുന്നതാണെന്ന് പൊതുജനാരോഗ്യ വിഭാഗം മേധാവി ഷെയ്ഖ് ഡോ. മുഹമ്മദ് ബിന്‍ ഹമദ് ആല്‍ഥാനി പറഞ്ഞു. 2018-2022 കാലയളവിലേക്കുള്ള ദേശീയ ആരോഗ്യ തന്ത്രപ്രധാന പരിപാടിയിലും 2017-2022 കാലയളവിലേക്കുള്ള പൊതുജനാരോഗ്യ തന്ത്രപ്രധാന പരിപാടിയിലും തൊഴിലാളികള്‍ക്കുള്ള മാനസികാരോഗ്യ സേവനം പ്രധാന പരിഗണനാ വിഷയമാണെന്നും ഷെയ്ഖ് ഡോ. മുഹമ്മദ് ആല്‍ഥാനി കൂട്ടിച്ചേര്‍ത്തു.

തൊഴിലാളികളും നമ്മുടെ സമൂഹത്തിലുള്‍പ്പെടുന്നവരാണെന്ന് ഉറപ്പുവരുത്തുന്നതി​ന്‍റെ ഭാഗമായി ഉന്നത ഗുണനിലവാരമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിലൂടെയാണ് തൊഴിലാളികള്‍ക്കുള്ള സേവനങ്ങള്‍ വര്‍ധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍ഡസ്​ട്രിയല്‍ ഏരിയയില്‍ ക്രാഫ്റ്റ്, മാന്വല്‍ തൊഴിലാളികള്‍ക്കുള്ള പ്രധാന മാനസികാരോഗ്യ സേവനങ്ങള്‍ എച്ച്‌.എം.സിയുടെ ഹസം മിബൈരിക് ജനറല്‍ ആശുപത്രിയാണ് ലഭ്യമാക്കുന്നത്.

മാനസികാരോഗ്യ മേഖലയിലെ പ്രാഥമിക ചികിത്സാസേവനങ്ങള്‍ ഖത്തര്‍ റെഡ്ക്രസന്‍റ് സൊസൈറ്റി തങ്ങളുടെ ഹെല്‍ത്ത് സെന്‍ററുകള്‍ വഴിയും നല്‍കിവരുന്നുണ്ട്.

Lets socialize : Share via Whatsapp