കോവിഡ് ബാധിച്ച് മരിച്ച പ്രവാസികള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു

by General | 06-07-2021 | 5111 views

കോവിഡ്​ ബാധിച്ച്​ മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട്​ സമ്മർദം ശക്തമാക്കാനൊരുങ്ങി പ്രവാസി കൂട്ടായ്മകൾ. സുപ്രീം കോടതിക്കു മുമ്പാകെയുള്ള ഹർജിയിൽ കക്ഷി ചേരുന്നതിനൊപ്പം വിവിധ രാഷ്​ട്രീയ പാർട്ടി നേതാക്കളുമായി ആശയവിനിമയം തുടരാനുമാണ്​ കൂട്ടായ്മകളുടെ നീക്കം.

സുപ്രീം കോടതിവിധി പരിഗണിച്ച് ദേശീയ ദുരന്ത നിവാരണ അതോറിറ്റി സഹായം നൽകുവാൻ തയ്യാറാക്കുന്നവരുടെ പട്ടികയിൽ കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച പ്രവാസി കുടുംബങ്ങളെയും ഉൾപ്പെടുത്തണമെന്നാണ്​ കൂട്ടായ്​മകളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട്​ പ്രവാസി ലീഗൽ സെൽ കേന്ദ്രത്തിന് ​നിവേദനം കൈമാറി. ​ ദേശീയ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷൻ കൂടിയായ  പ്രധാനമന്ത്രി നരേന്ദ്ര മോദി, മെംബർ സെക്രട്ടറി എന്നിവർക്ക്​ ​ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്‍റ്​ അഡ്വ. ജോസ് അബ്രഹാം, ഗ്ലോബൽ വക്താവ് ബാബു ഫ്രാൻസീസ് എന്നിവരാണ്​ നിവേദനം സമർപ്പിച്ചത്​.

പ്രവാസി സമൂഹത്തി​ന്‍റെ ദുരവസ്ഥ പരിഗണിച്ച് പ്രത്യേക പുനഃരധിവാസ പാക്കേജ് പ്രഖ്യാപിക്കുക, പ്രവാസി മരണങ്ങളുടെ കണക്കുകൾ ശേഖരിച്ച് തുടർ നടപടികൾക്കായി കേന്ദ്ര സർക്കാരിന് സമർപ്പിക്കാൻ വിദേശത്തുള്ള ഇന്ത്യൻ നയതന്ത്ര മിഷനുകൾക്ക് നിർദ്ദേശം നൽകുക തുടങ്ങിയ ആവശ്യങ്ങളുമായി ഇൻകാസ്​, കെ.എം.സി.സി സംഘടനകളും രംഗത്തുണ്ട്​. എല്ലാ പ്രവാസി കൂട്ടായ്​മകളുടെയും ഏകോപനം ഇക്കാര്യത്തിൽ ഉറപ്പാക്കാനും നീക്കമാരംഭിച്ചിട്ടുണ്ട്​.

Lets socialize : Share via Whatsapp