സൗദി രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചു

by Travel | 18-05-2021 | 3492 views

ജിദ്ദ: സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് 43 അന്താരാഷ്ട്ര സ്റ്റേഷുകളിലേക്കുള്ള 30  ഡെസ്റ്റിനേഷനുകളിലേക്ക് തിങ്കളാഴ്ച സേവനം പുനഃരാരംഭിച്ചു. സൗദിക്ക് പുറത്തേക്ക് താത്കാലികമായി ഏര്‍പ്പെടുത്തിയ സൗദി പൗരന്മാരുടെ യാത്രാവിലക്ക് എടുത്തുകളഞ്ഞതായി ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം പ്രാബല്യത്തില്‍ വന്നതിന് ശേഷമാണ് വിമാനങ്ങളുടെ സേവനം പുനഃരാരംഭിച്ചത്.

റിയാദില്‍ നിന്ന് ഓരോ ആഴ്ചയും 153 വിമാനങ്ങള്‍ സേവനം നല്‍കാന്‍ ഷെഡ്യൂള്‍ ചെയ്തതായി സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് അറിയിച്ചു. അതോടൊപ്പം ജിദ്ദയില്‍ നിന്ന് 178 വിമാനങ്ങളും സര്‍വീസ് നടത്തുമെന്നും സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് സ്ഥിരീകരിച്ചു.

വിമാന സേവനം പുനഃരാരംഭിച്ചപ്പോള്‍ സൗദിയില്‍നിന്നും ആദ്യം വിമാനം പറന്നത് ഇന്ത്യയിലേക്കും ബംഗ്ളാദേശിലേക്കുമാണ്. റിയാദില്‍ നിന്നാണ് ഇന്ത്യയിലെ ഹൈദരാബാദിലേക്ക് വിമാനം പറന്നത്.  ജിദ്ദയില്‍ നിന്ന് ധാക്കയിലേക്കും വിമാനം പറന്നു. അതേസമയം സൗദിയിലേക്കു അദ്യം എത്തുന്ന  അന്താരാഷ്ട്ര വിമാനം കെയ്റോയില്‍ നിന്ന് റിയാദിലേക്കും ജക്കാര്‍ത്തയില്‍ നിന്ന് ജിദ്ദയിലേക്കുമുള്ളതുമാണ്.

95 ഇടങ്ങളിലെ 71 സ്റ്റേഷനുകളിലേക്ക് സര്‍വീസ് നടത്താനുള്ള സന്നദ്ധത സൗദി എയര്‍ലൈന്‍സ് അറിയിച്ചിട്ടുണ്ട്. അതില്‍ 28 എണ്ണം ആഭ്യന്തര സേവനവും 43 അന്താരാഷ്ട്ര സേവനവുമാണ്.

ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ കിംഗ് അബ്ദുല്‍ അസീസ് ടെര്‍മിനല്‍ 1 ല്‍ നിന്നായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Lets socialize : Share via Whatsapp