ഗാസയില്‍ അല്‍ ജസീറ ഉള്‍പ്പെടെ അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം ഇസ്‌റാഈല്‍ സൈന്യം ബോംബിട്ട് തകര്‍ത്തു

by International | 15-05-2021 | 3936 views

ഗാസ സിറ്റി: ഗാസയില്‍ അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ബോംബിട്ട് ഇസ്‌റാഇല്‍ സൈന്യം. അന്താരാഷ്ട്ര മാധ്യമങ്ങളായ അൽ ജസീറ, എ എഫ് പി അസോസിയേറ്റഡ്​ പ്രസ്​ തുടങ്ങിയവയുടെ ഓഫിസുകൾ പ്രവർത്തിക്കുന്ന ഗസ്സയിലെ ബഹുനില ​കെട്ടിടമാണ് വ്യോമാക്രമണത്തിലൂടെ ഇസ്രായേൽ തകർത്തത്.

ബഹുനിലക്കെട്ടിടം നാമാവശേഷമാക്കിയതായി ‘അൽജസീറ’ റി​പ്പോർട്ട്​ ചെയ്​തു. ഫ്ലാറ്റ് സമുച്ചയത്തിൽ ഓഫീസുകളെക്കൂടാതെ താമസക്കാരും ഉണ്ടായിരുന്നു.

കെട്ടിട സമുച്ചയം തകർക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ അൽ ജസീറ റിപ്പോർട്ട് ചെയ്തിരുന്നു. വ്യോമാക്രമണത്തിൽ കെട്ടിടം പൂർണമായി നിലംപതിച്ചു.

മാധ്യമസ്ഥാപനങ്ങളെ ആക്രമിച്ചത് അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് മാധ്യമ ശൃംഖലയുടെ ആഗോള സംഘടന ആരോപിച്ചു. ഗുരുതരമായ യുദ്ധക്കുറ്റമാണ് ഇസ്രായേലിൻ്റെ പ്രവൃത്തിയെന്ന് പ്രമുഖ മാധ്യമങ്ങൾ അറിയിച്ചു.

അഭയാർഥി ക്യാമ്പിലേയ്ക്ക് മിസൈലാക്രമണം

സംഘർഷം മൂർച്ഛിക്കുന്ന ഫലസ്തീനിലെ അഭയാർഥി ക്യാമ്പിലേയ്ക്ക് മിസൈലാക്രമണം നടത്തി ഇസ്രായേൽ. ഫലസ്തീനിൻ്റെ ഹൃദയഭാഗമായ ഗാസയിൽ ഇസ്രേയേല്‍ നടത്തുന്ന വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കി. നഗരത്തിൽ നിന്നും പതിനായിരത്തോളം ഫലസ്തീനികള്‍ വീടുകള്‍ ഉപേക്ഷിച്ചു പോയി. ഭവന രഹിതരായവർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സഭ രംഗത്ത് വന്നു.

കിഴക്കന്‍ ഗാസയില്‍ ഐക്യരാഷ്ട്ര സഭ നടത്തുന്ന സ്‌കൂളുകളിലാണ് ഫലസ്തീനികള്‍ അഭയം തേടിയിരിക്കുന്നത്. പാലസ്തീൻ ജനതയ്ക്ക് വ്യോമാക്രമണത്തില്‍നിന്നും രക്ഷപ്പെടുന്നതിനുള്ള ബങ്കറുകളോ മറ്റ് സംവിധാനങ്ങളോ ഗാസയിലെ വീടുകളിലില്ല. അതുകൊണ്ടു തന്നെ വീടുകള്‍ക്കുള്ളിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. ഫലസ്തീൻ ജനത പ്രാണരക്ഷാർഥം ഓടിയെത്തിയ ഷാതി അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് സ്ത്രീകളും ആറ് കുട്ടികളും കൊല്ലപ്പെട്ടു.

ക്യാമ്പ് മുഴുവനായി തകര്‍ന്നതിനാല്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും പലരും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുകയുമാണെന്നാണ് വാർത്ത. രാവിലെ വരെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 137 ഫലസ്തീനികളാണ് ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ഇതില്‍ 36 പേര്‍ കുട്ടികളാണ്. 920 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും കണക്കുകളില്‍ പറയുന്നു.

Lets socialize : Share via Whatsapp