കൗമാരക്കാര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ യു.എ.ഇയില്‍ അനുമതി

by General | 14-05-2021 | 4220 views

അബുദാബി: വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ദ്രുതഗതിയില്‍ പുരോഗമിക്കുമ്പോള്‍ 12 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ളവര്‍ക്ക് ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിന്‍ നല്‍കാന്‍ യുഎഇയില്‍ അനുമതി. ദേശീയ കൊവിഡ് 19 വാക്‌സിനേഷന്‍ പദ്ധതിയുടെ ഭാഗമായി 12 വയസ്സ് മുതലുള്ള കുട്ടികള്‍ക്കും ഫൈസര്‍ വാക്‌സിന്‍റെ അടിയന്തര ഉപയോഗത്തിന് വ്യാഴാഴ്ചയാണ് ആരോഗ്യ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയത്.

ക്ലിനിക്കല്‍ ട്രയലുകള്‍ക്കും വിശദമായ പഠനത്തിനും ശേഷമാണ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള ദേശീയ പ്രയത്‌നങ്ങളെ പിന്തുണയ്ക്കാനും ഈ പ്രായപരിധിയിലുള്ള കുട്ടികളെ കൊവിഡില്‍ നിന്ന് സംരക്ഷിക്കാനും പുതിയ തീരുമാനത്തിലൂടെ സാധിക്കും. 12 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ള  കൗമാരക്കാരില്‍ ഫൈസര്‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയിരുന്നു. വാക്‌സിന്‍ സുരക്ഷിതവും  ഫലപ്രദവുമാണെന്ന് ട്രയലുകളില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.   

ഇതിന് പിന്നാലെയാണ് യുവജനങ്ങളെ മഹാമാരിയില്‍ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായി യുഎഇയിലും കൊവിഡ് വാക്‌സിനേഷന്‍ പ്രായപരിധി കുറച്ചത്. നേരത്തെ 18 വയസ്സിന് താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അനുമതിയില്ലായിരുന്നു. പിന്നീട് ജനുവരിയിലാണ് യുഎഇയില്‍ 16 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന് അനുമതി നല്‍കിയത്.

Lets socialize : Share via Whatsapp