ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്,ആദ്യഘട്ടം മെയ് 28 ന്

by International | 10-05-2021 | 2323 views

 

ദോഹ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഖത്തറിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നാല് ഘട്ടങ്ങളിലായി ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചു. ആരോഗ്യമന്ത്രാലയവും വാണിജ്യ  വ്യവസായ മന്ത്രാലയവും ഞായറാഴ്ച രാത്രി വിളിച്ചു ചേർത്ത സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

മൂന്നാഴ്ചത്തെ ദൈർഘ്യമുള്ള നാല് ഘട്ടങ്ങളിലായാണ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുക. ഇതിന്റെ ആദ്യഘട്ടം ഈ മാസം 28 ന് പ്രാബല്യത്തിൽ വരും. രണ്ടാം ഘട്ടം ജൂൺ 18 നും മൂന്നാം ഘട്ടം ജൂലൈ 9 നും നാലാം ഘട്ടം 2021 ജൂലൈ 30 നും നിലവിൽ വരും.

കഴിഞ്ഞ വർഷത്തിൽ നിന്ന് വ്യത്യസ്തമായി, വാക്സിനേഷൻ ലഭിച്ച ആളുകൾക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കുമെന്നും നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന്  മുമ്പ്  തന്നെ വാക്സിൻ എടുത്തവർക്ക്  ചില പ്രത്യേകാവകാശങ്ങൾ അനുവദിക്കുമെന്നും നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് മേധാവി ഡോ.അബ്ദുൽ ലത്തീഫ് അൽ ഖാൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വിദേശത്ത് നിന്നെത്തുന്നവർക്ക് മെയ് 7 മുതൽ ഖത്തർ ബാധകമാക്കിയിട്ടുള്ള നിബന്ധനകൾ:

ജി സി സി പൗരന്മാർ, കുടുംബാംഗങ്ങൾ, അവരുടെ ഗാർഹിക ജീവനക്കാർ എന്നിവർ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ ലഭിച്ച PCR റിസൾട്ട് ഹാജരാക്കേണ്ടതാണ്. യാത്ര പുറപ്പെടുന്ന രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ലാബുകളിൽ നിന്നുള്ള പരിശോധനാ ഫലങ്ങൾ നിർബന്ധമാണ്.

ഈ വിഭാഗങ്ങളിൽ ഖത്തർ ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള വാക്സിൻ ഉപയോഗിച്ച് കൊണ്ട്, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് രാജ്യത്ത് പ്രവേശിക്കുന്ന അവസരത്തിൽ ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്. അവസാന ഡോസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ച് 14 ദിവസം പൂർത്തിയാക്കിയ ശേഷം ഖത്തറിലെത്തുന്നവർക്കാണ് ഈ ഇളവ് അനുവദിക്കുന്നത്. ഇവർ ഖത്തറിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ഔദ്യോഗിക വാക്സിനേഷൻ കാർഡ് ഹാജരാക്കേണ്ടതാണ്.

ഇത്തരത്തിൽ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവർക്ക് ഖത്തറിൽ പ്രവേശിച്ച ശേഷം 7 ദിവസം ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്. ഡിസ്കവർ ഖത്തറിൽ നിന്ന് ഇത്തരം ക്വാറന്റീൻ ഹോട്ടലുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഇവർ ഫോണുകളിൽ ‘Ehteraz’ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. ഇവർ ക്വാറന്റീൻ കാലാവധി പൂർത്തിയാക്കുന്നത് വരെ പൊതുഇടങ്ങളിലേക്ക് പ്രവേശിക്കാൻ പാടുന്നതല്ല.

രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ പേർക്കും ഖത്തറിലെ മൊബൈൽ സിം കാർഡ്, ‘Ehteraz’ ആപ്പ് എന്നിവ നിർബന്ധമാണ്.

Lets socialize : Share via Whatsapp