മസ്ജിദുൽ അഖ്‌സയിൽ ഇസ്രായേൽ ആക്രമണം,നൂറിലേറെ പേർക്ക് പരിക്കേറ്റു

by International | 08-05-2021 | 1968 views

ജറൂസലം: മുസ്ലിം വിശുദ്ധ ഗേഹമായ മസ്ജിദുല്‍ അഖ്സയില്‍ ഇസ്രായേല്‍ സേനയുടെ ആക്രമണം. ജറൂസലമില്‍ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി സംഘടിച്ചവര്‍ക്ക് നേരെയാണ് മസ്ജിദിനകത്തും പുറത്തും ഇസ്രായേല്‍ സൈന്യം വ്യാപക ആക്രമണം നടത്തിയത്.

സ്റ്റണ്‍ ഗ്രനേഡുകള്‍ എറിഞ്ഞും റബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ച്‌ വെടിവെച്ചും നടന്ന സൈനിക അതിക്രമങ്ങളില്‍ 184 ഫലസ്തിനികള്‍ക്ക് പരിക്കേറ്റു. റമദാനിലെ അവസാന വെള്ളിയാഴ്ച രാത്രിയിലായിരുന്നു നൂറുകണക്കിന് ഫലസ്തീനികള്‍ സംഘടിച്ചത്.

ജറൂസലമില്‍ മസ്ജിദുല്‍ അഖ്സയോടുചേര്‍ന്ന ഷെയ്ഖ് ജര്‍റാഹ് പ്രദേശത്ത് ഫലസ്തീനികളെ ജൂത കുടിയേറ്റത്തിനായി ഒഴിപ്പിക്കാനുള്ള ശ്രമമാണ് സംഘര്‍ഷങ്ങളില്‍ കലാശിച്ചത്. വര്‍ഷങ്ങളായി തങ്ങള്‍ക്ക് സ്വന്തമായ പ്രദേശത്തുനിന്ന് പുറത്താക്കി പുതിയ കുടിയേറ്റക്കാര്‍ക്ക് സൗകര്യപ്പെടുത്തുന്നത് അനുവദിക്കില്ലെന്ന് ഫലസ്തീനികള്‍ വ്യക്തമാക്കുന്നു. ഇതിനെതിരെ ജറൂസലമിലും വെസ്റ്റ് ബാങ്കിലും വ്യാപക പ്രതിഷേധവുമായി ഫലസ്തീനികള്‍ തെരുവിലാണ്.

വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കായി പതിനായിരക്കണക്കിന് ഫലസ്തീനികള്‍ സംഘടിച്ചിരുന്നു. തുടര്‍ന്ന് നോമ്പുതുറയ്ക്ക് ശേഷമാണ് സൈന്യം അതിക്രമം ആരംഭിച്ചത്. സുരക്ഷാസേന ഇവരെ ജല പീരങ്കി പ്രയോഗിച്ച്‌ പിരിച്ചുവിടാന്‍ ശ്രമം നടത്തുകയായിരുന്നു. പുറത്താക്കല്‍ ഭീഷണി നിലനില്‍ക്കുന്ന വീടുകള്‍ക്ക് കാവലൊരുക്കിയാണ് ഫലസ്തീനികള്‍ സംഘടിച്ചിരുന്നത്.

അതെ സമയം പൊലീസ്-സൈനിക അതിക്രമങ്ങളില്‍ പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമാണ്. 88 പേരെ റബര്‍ ബുള്ളറ്റ് പരിക്കുമായി ആശുപത്രിയിലാക്കിയതായി ഫലസ്തീന്‍ റെഡ് ക്രസന്‍റ് അറിയിച്ചു. ആറ് ഇസ്രായേല്‍ പൊലീസുകാര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

മുസ്ലിം വിശുദ്ധ നഗരത്തില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ പൂര്‍ണമായി ഇസ്രായേല്‍ സൃഷ്ടിയാണെന്നും വിഷയം പരിഗണിക്കാന്‍ യു.എന്‍ അടിയന്തര യോഗം വിളിക്കണമെന്നും ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു. അതേസമയം, ജറൂസലമില്‍ നിന്ന് നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ ഇസ്രായേല്‍ നിര്‍ത്തിവെയ്ക്കണമെന്ന് യു.എന്‍ ആവശ്യപ്പെട്ടു.

Lets socialize : Share via Whatsapp