ഖത്തറിൽ നിന്ന് 1200 മെട്രിക് ടൺ ദ്രവീകൃത ഓക്സിജൻ കൂടി ഇന്ത്യയിലേക്ക് അയക്കുമെന്ന്  ഇന്ത്യൻ സ്ഥാനപതി

by International | 06-05-2021 | 881 views

ദോഹ: അടുത്ത രണ്ട് മാസത്തിനുള്ളിൽ ഖത്തറിൽ നിന്ന് 1,200 മെട്രിക് ടൺ ദ്രാവക ഓക്സിജൻ ഇന്ത്യയിലേക്ക് അയക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ അറിയിച്ചു.

'ഖത്തർ എയർവേയ്‌സ് ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുമുള്ള മെഡിക്കൽ ഉപകരണങ്ങൾ സൗജന്യമായി എത്തിക്കും. അടുത്തിടെ മൂന്ന് വിമാനങ്ങൾ മെഡിക്കൽ സാമഗ്രികളുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടിരുന്നു . ബ്രിട്ടീഷ് ഓക്സിജൻ കമ്പനിയുടെ ലണ്ടനിൽ നിന്നുള്ള 4,100 ഓക്സിജൻ സിലിണ്ടറുകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ കയറ്റി അയക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്,'- ഇന്ത്യൻ അംബാസഡർ പറഞ്ഞു.

അമീറിന്റെ നിർദേശപ്രകാരം ഖത്തർ ഫണ്ട് ഫോർ ഡവലപ്മെന്റ് കൂടുതൽ മെഡിക്കൽ സഹായങ്ങൾ നൽകാൻ ശ്രമിക്കുന്നുണ്ടെന്നും   ഇരു രാജ്യങ്ങളും തമ്മിലുള്ള മികച്ച സുഹൃദ്‌ബന്ധത്തിന്റെ അടയാളം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിലെ ഇന്ത്യൻ സമൂഹത്തോട് മിത്തൽ നന്ദി അറിയിച്ചു. ഇന്ത്യൻ സമൂഹം ഇതിനകം തന്നെ ധാരാളം സാധനങ്ങൾ സമാഹരിച്ചു. 200 ഓക്സിജൻ സിലിണ്ടറുകളും 43 ഓക്സിജൻ കോൺസെൻട്രേറ്ററുകളും അവർ നൽകി. ഇവ ഇന്ത്യൻ നാവിക കപ്പലിൽ കയറ്റി അയച്ചകാര്യവും അദ്ദേഹം ഓർമിപ്പിച്ചു.

ഖത്തര്‍-ഫ്രഞ്ച് സംയുക്ത സംരംഭമായി നാല്‍പ്പത് മെട്രിക് ടണ്‍ ഓക്സിജൻ ഇന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

പുതിയ കോവിഡ് രോഗികൾ 600 ൽ താഴെയെത്തി, നാല് മരണം

ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 600-ൽ താഴെയെത്തി. 593 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം 1321 പേർ കൂടി രോഗമുക്തരായതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 198,227 ആയി.

നാല് പേരാണ് ചികിത്സയിലിരിക്കെ മരിച്ചത്. 49,63,68,73  വയസ്സുള്ളവരാണ് മരിച്ചത്. ഇതോടെ  ആകെ മരണം 493 ആയി. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ  389 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 204  പേര്‍ വിദേശത്തു നിന്നും തിരിച്ചെത്തിയവരാണ്.

ഇന്ത്യയിൽ കോവിഡ് വ്യാപനവും മരണനിരക്കും കുത്തനെ ഉയരുമെന്ന് മുന്നറിയിപ്പ്, തിരിച്ചു പോകാനൊരുങ്ങുന്ന പ്രവാസികൾ ആശങ്കയിൽ

ഇന്ത്യയിൽ കൊവിഡ്  മരണസംഖ്യ അടുത്തമാസത്തോടെ നാലുലക്ഷം കവിയുമെന്ന് മുന്നറിയിപ്പ് വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് വരാൻ തയാറെടുക്കുന്ന പ്രവാസികൾക്ക് കുരുക്കാകുന്നു. നിലവിൽ നാട്ടിലുള്ള പ്രവാസികൾക്കും ഇത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഇന്ത്യയിൽ കാര്യങ്ങൾ കൈവിടുകയാണെങ്കിൽ ഇവരുടെ തിരിച്ചു പോക്കും പ്രതിസന്ധിയിലാകും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസാണ് ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയത്. ജൂലൈ അവസാനത്തോടെ 10 ലക്ഷം കവിയുമെന്നാണ് വാഷിംഗ്ടൺ സർവ്വകലാശാലയുടെ പഠനം.

വിവിധ ഗൾഫ് രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ പ്രതിദിന രോഗബാധ ഇനിയും ഉയരുന്നത് നാട്ടിൽ കുടുങ്ങിയ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇരട്ട പ്രഹരമാകും. നിലവിലെ വ്യാപന തോത് ഗണ്യമായി കുറയാതെ ഗൾഫ് രാജ്യങ്ങൾ വിലക്ക് പിൻവലിക്കാൻ തയാറാകില്ലെന്ന അവസ്ഥയുണ്ടായാൽ ഇവരുടെ തിരുച്ചുവരവ് ഇനിയും അനിശ്ചിതമായി നീളും.ഖത്തറും ബഹ്‌റൈനും ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും നിലവിൽ യാത്രാ വിലക്കുണ്ട്.എന്നാൽ രോഗവ്യാപന തോത് എത്രയും വേഗം കുറഞ്ഞില്ലെങ്കിൽ ഈ രാജ്യങ്ങൾ കൂടി യാത്രാവിലക്ക് ഏർപെടുത്തിയേക്കുമോ എന്ന ആശങ്കയും പലർക്കുമുണ്ട്. ഇതിനിടെയാണ് ജൂലായ് അവസാനത്തോടെ ഇന്ത്യയിൽ മരണ നിരക്കും രോഗവ്യാപന തോതും ഉയരുമെന്ന പഠന റിപ്പോർട്ട് കൂടി പുറത്തുവന്നത്.

അതേസമയം, ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ വിലക്കില്ലെങ്കിലും നിലവിലെ സാഹചര്യം കണക്കാക്കി പലരും യാത്ര മാറ്റിവെക്കുകയാണ്. ഇന്ത്യയിൽ കോവിഡ് രോഗികളെ ചികിൽസിക്കാൻ ആവശ്യമായ ഓക്സിജനോ വെന്റിലേറ്റർ സൗകര്യമോ ആവശ്യത്തിന് ബെഡുകളോ ലഭ്യമല്ലെന്ന മാധ്യമ വാർത്തകളും ഇവരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. രോഗവ്യാപനം ഇതേ അവസ്ഥയിൽ വര്ധിക്കുകയാണെങ്കിൽ കേരളത്തിലും സമാനമായ സാഹചര്യം ഉണ്ടായേക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുറേകൂടി മികച്ച ആരോഗ്യ, ചികിത്സാ സൗകര്യങ്ങളുള്ള ഗൾഫിൽ തന്നെ തുടരുന്നതാവും സുരക്ഷിതമെന്ന കണക്കുകൂട്ടലിലാണ് പലരും യാത്ര മാറ്റിവെയ്ക്കുന്നത്.

Lets socialize : Share via Whatsapp