ഇന്ത്യയിലേക്ക് അടിയന്തിര വൈദ്യസഹായങ്ങൾ എത്തിക്കാൻ ഉത്തരവിട്ട് ഖത്തർ അമീർ; സ്വകാര്യ ആശുപത്രികൾക്ക് 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി

by International | 29-04-2021 | 1829 views

ദോഹ: കോവിഡ് വ്യാപനം മൂലം പ്രതിസന്ധി നേരിടുന്ന ഇന്ത്യയിലേക്ക് അടിയന്തിര മെഡിക്കൽ സഹായം എത്തിക്കാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഉത്തരവിട്ടു. ഖത്തർ ന്യൂസ് ഏജൻസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമീർ കഴിഞ്ഞ ദിവസം നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ ഇന്ത്യക്ക് എല്ലാ സഹായവുംവാഗ്ദാനം ചെയ്തിരുന്നു. പിന്നീട് ഖത്തർ നൽകുന്ന സഹായത്തിന് നന്ദി അറിയിച്ചു കൊണ്ട് നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു.

സ്വകാര്യ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും ഏർപ്പെടുത്തിയിരുന്ന നിബന്ധനകളിൽ ഇളവ്

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഖത്തറിലെ സ്വകാര്യ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും ഏർപ്പെടുത്തിയിരുന്ന നിബന്ധനകളിൽ ഇളവ് വരുത്തി. ഇന്നു മുതൽ അമ്പത് ശതമാനം ശേഷിയിൽ പ്രവർത്തിക്കാനാണ് അനുമതി നൽകിയത്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഈ തീരുമാനം തുടരും.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യാഗമാണ് അനുമതി നല്‍കിയത്.  സ്വകാര്യ മെഡിക്കല്‍ സെന്ററുകള്‍ക്ക് 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാമെന്നും ആധുനിക ആശയവിനിമയ മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്താമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.

രാജ്യത്ത് കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം തീവ്രമായതിനെ തുടർന്ന്  അടിയന്തര കേസുകളൊഴികെ സ്വകാര്യ മെഡിക്കല്‍ സെന്ററുകളുടെ എല്ലാ മെഡിക്കല്‍ സേവനങ്ങളും നിര്‍ത്തലാക്കിയിരുന്നു. അതേസമയം,കോവിഡ് പ്രതിരോധിക്കാനായി നിലവിലുള്ള മുന്‍കരുതല്‍ നടപടികള്‍ തുടരും.

Lets socialize : Share via Whatsapp