ഖത്തറിൽ നിർബന്ധിത ഹോട്ടൽ കൊറന്റൈൻ വ്യാഴാഴ്ച രാത്രി മുതൽ,നിർദേശങ്ങൾ ഇങ്ങനെ...

by General | 27-04-2021 | 1994 views

ദോഹ: ഇന്ത്യ ഉൾപെടെ ആറ് രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് വരുന്നവർക്കുള്ള നിർബന്ധിത ഹോട്ടൽ കൊറന്റൈൻ വ്യാഴാഴ്ച (ഏപ്രിൽ 29) രാത്രി 12 മണി മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യ,ബംഗ്ലാദേശ്,പാക്കിസ്ഥാൻ,നേപ്പാൾ,ശ്രീലങ്ക,ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ നിന്ന് നേരിട്ടോ മറ്റു രാജ്യങ്ങൾ വഴിയോ ഖത്തറിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും നിബന്ധന ബാധകമായിരിക്കും.

നിർദേശങ്ങൾ :

  • ഖത്തർ ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരമുള്ള ലാബുകളിൽ നിന്ന് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് എടുത്ത കോവിഡ് നെഗറ്റിവ് പരിശോധനാ ഫലം നിർബന്ധമായിരിക്കും.ആർ.ടി.പി.സി.ആർ പരിശോധനാ ഫലം ഇല്ലാതെ യാത്ര അനുവദിക്കില്ല.
  • ഖത്തറിൽ എത്തിയാൽ 10 ദിവസം ഹോട്ടൽ കൊറന്റൈൻ നിർബന്ധമായിരിക്കും. മകൈനിസ് സൗകര്യമാണ് ഉപയോഗിക്കുന്നതെങ്കിൽ 14 ദിവസം കൊറന്റൈൻ പാലിക്കണം.
  • കഴിഞ്ഞ ആറു മാസത്തിനിടെ കഴിഞ്ഞ ആറു മാസത്തിനിടെ കോവിഡ് വന്നു ഭേദമായവർ, വാക്സിൻ സ്വീകരിച്ചവർ ഉൾപ്പെടെ ഈ രാജ്യങ്ങളിൽ നിന്ന് വരുന്ന ആർക്കും ഹോം കൊറന്റൈൻ അനുവദനീയമല്ല.നേരത്തെ ഇക്കാര്യത്തിൽ ഏർപ്പെടുത്തിയിരുന്ന എല്ലാ ഇളവുകളും റദ്ദാക്കിയിട്ടുണ്ട്.
  • കൊറന്റൈൻ കേന്ദ്രത്തിൽ എത്തി ഒരു ദിവസത്തിനകം കോവിഡ് ആർടി പിസിആർ പരിശോധനക്ക് വിധേയരാകണം.കൊറന്റൈൻ തുടങ്ങുമ്പോഴും കൊറന്റൈൻ കാലാവധി അവസാനിക്കുമ്പോഴും പരിശോധന നിര്ബന്ധമായിരിക്കും.
  • ഖത്തർ വഴി മറ്റു രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവർക്കും(ട്രാൻസിറ്റ്) പുറപ്പെട്ട രാജ്യത്തു നിന്നുള്ള 48 മണിക്കൂർ മുമ്പുള്ള പരിശോധനാ ഫലം നിർബന്ധമാണ്.ലക്ഷ്യസ്ഥാനമായ രാജ്യത്ത് പരിശോധനാ ഫലം ആവശ്യമാണെങ്കിൽ ദോഹ വിമാനത്താവളത്തിൽ കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യമുണ്ട്.300 ഖത്തർ റിയാലാണ് ഇതിന് ഈടാക്കുക.

ഇന്ത്യ ഉൾപെടെ വിവിധ രാജ്യങ്ങളിൽ വകഭേദം വന്ന കൊറോണ വൈറസ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഖത്തർ യാത്രക്കാർക്കുള്ള നിബന്ധനകൾ വീണ്ടും കർശനമാക്കിയത്.ഇന്ത്യയിൽ നിന്നും കോവിഷീൽഡ് വാക്സിൻ എടുത്തു തിരിച്ചു വരാൻ ഒരുങ്ങിയവർക്കും ഖത്തറിൽ നിന്ന് വാക്സിൻ സ്വീകരിച്ചു നാട്ടിലേക്ക് പോകാനൊരുങ്ങിയവർക്കും പുതിയ തീരുമാനം തിരിച്ചടിയായി. ഈ രണ്ടു വിഭാഗങ്ങൾക്കും പിന്നീട് ഖത്തറിൽ തിരിച്ചെത്തുമ്പോൾ ഹോട്ടൽ കൊറന്റൈൻ ഒഴിവാക്കിയിരുന്നു.ഈ തീരുമാനമാണ് ഇപ്പോൾ റദ്ദാക്കിയത്.

Lets socialize : Share via Whatsapp