സൗദി അറേബ്യയില്‍ മാസപിറവി ദൃശ്യമായില്ല, വ്രതാരംഭം മറ്റന്നാള്‍ ചൊവ്വാഴ്ച മുതല്‍

by General | 11-04-2021 | 1808 views

റിയാദ്: സൗദി അറേബ്യയുടെ ഒരു ഭാഗത്ത്യം മാസപിറവി ദൃശ്യമാകാത്തതിനാല്‍ ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കി റംസാന്‍ ഒന്ന് വ്രതാരംഭം മറ്റന്നാള്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. ഔദ്യോഗിക അറിയിപ്പ് നാളെ ഉണ്ടാകുമെന്ന് കരുതുന്നു.

സാധാരണ മാസപ്പിറവി കാണാറുള്ള സൗദിയിലെ സുദൈറിലും തായിഫിലുമെല്ലാം നിരവധി പേര്‍ മാസപ്പിറവിക്കായി കാത്തിരുന്നുവെങ്കിലും എങ്ങും മാസപിറവി കാണാത്തതിന്റെ അടിസ്ഥാനത്തില്‍ സൗദിയില്‍ റമദാന്‍ ഒന്നു മുതല്‍ നോമ്പ് വ്രതം ആരംഭിക്കും.

അതേസമയം ഇന്ന് മാസപ്പിറവി ദൃശ്യമാകാനിടയില്ലെന്ന് അല്‍ഖസീം യൂനിവേഴ്‌സിറ്റിയിലെ ഗോളശാസ്ത്രവിദഗ്ധനായ പ്രൊഫ. ഡോ. അബ്ദുള്ള അല്‍മിസ്‌നദ് അഭിപ്രായപ്പെട്ടിരുന്നു. ഇന്ന് സൂര്യാസ്തമയത്തിന് 29 മിനിറ്റ് ചന്ദ്രന്‍ അസ്തമിക്കും. അതിന് ശേഷം ചന്ദ്രോദയം ഉണ്ടാകില്ല. അതിനാല്‍ ചൊവ്വാഴ്ചയായിരിക്കും റമദാന്‍ വ്രതം ആരംഭിക്കുക - അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയുടേയും റോയല്‍ കോര്‍ട്ടിന്റെയും അറിയിപ്പുകള്‍ വൈകാതെ പുറത്തിറക്കും.

ഭൂമിയില്‍ ഭക്തിയുടെ പ്രഭാപൂരിതമായ രാവുകളാണ് കോവിഡ് മഹാമാരി കാലത്തും വരവാകുന്നത് ഭൂമിയിലെ പരകോടി ജനതയ്ക്ക് പാപ പങ്കിലമായ ജീവിതത്തിലെ അഴുക്കുകള്‍ കഴുകി ആത്മവിശുദ്ധിയുടെ ധന്യതയിലേക്ക് തിരിച്ചു വരാന്‍ അള്ളാഹു തുറന്നിട്ട അനുഗ്രഹത്തിന്റെ മുപ്പതു ദിനരാത്രങ്ങള്‍ സമാഗതമായതിന്‍റെ സന്തോഷത്തിലാണ് വിശ്വാസികള്‍.

മാസങ്ങളില്‍ വെച്ച്‌ ഏറ്റവും പുണ്യമായ മാസം, ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള 'ലൈലത്തുല്‍ ഖദര്‍' എന്ന സ്വര്‍ഗീയ രാവ് കൊണ്ട് അനുഗ്രഹീതമായ മാസം, വിശുദ്ധ ഖുര്‍:ആന്‍ അവതരിച്ച മാസം, ഏതു സല്ക്കര്‍മ്മങ്ങള്‍ക്കും മറ്റു ദിവസങ്ങളേക്കാള്‍ പ്രതിഫലം നല്‍കുന്ന മാസം, അങ്ങിനെ റമദാന്‍ മാസത്തിനുള്ള പ്രത്യേകതകള്‍ നിരവധിയാണ്.

എല്ലാ മാന്യ പ്രേഷകര്‍ക്കും 'ന്യൂസ്‌ അറ്റ്‌ ഫസ്റ്റ്'-ന്‍റെ റമദാന്‍ ദിനാശംസകള്‍….

Lets socialize : Share via Whatsapp