എം.എ യൂസഫ് അലിക്ക് യു.എ.ഇ സർക്കാരിന്റെ പരമോന്നത ബഹുമതി

by Business | 10-04-2021 | 3623 views

അബുദാബി: എം എ യൂസഫലിക്ക് അബുദാബിയുടെ പരമോന്നത ബഹുമതി. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയെ അബുദാബി സര്‍ക്കാരിന്റെ സിവിലിയന്‍ പുരസ്‌ക്കാരം നൽകിയാണ് ആദരിച്ചത്. അബുദാബി സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ പുരസ്‌ക്കാരമാണിത്. അബുദാബി അല്‍ ഹൊസന്‍ പൈതൃക മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് പുരസ്‌ക്കാരം സമ്മാനിച്ചത്.

അബുദാബിയുടെ വാണിജ്യ-വ്യവസായ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കും ജീവകാരുണ്യ രംഗത്ത് നല്‍കുന്ന മികച്ച പിന്തുണയ്‌ക്കുമുളള അംഗീകാരമായാണ് സിവിലിയന്‍ ബഹുമതിയായ അബുദാബി അവാര്‍ഡിന് യൂസഫലി അര്‍ഹനായിരിക്കുന്നത്. ഏറെ വിനയത്തോടെയും അഭിമാനത്തോടെയുമാണ് അബുദബി സര്‍ക്കാരിന്റെ ബഹുമതിയെ കാണുന്നതെന്ന് അവാര്‍ഡ് സ്വീകരിച്ച ശേഷം എം എ യൂസഫലി പറഞ്ഞു. മൂന്ന് വനിതകള്‍ ഉള്‍പ്പടെ 11 പേരാണ് യൂസഫലിയെ കൂടാതെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന ബഹുമതിക്ക് അര്‍ഹരായിരിക്കുന്നത്.

ഈ വര്‍ഷം പുരസ്‌കാരം ലഭിച്ച ഏക ഇന്ത്യക്കാരനും യൂസഫലിയാണ്. യു എ ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്യാന്‍, അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Lets socialize : Share via Whatsapp