കോവിഡ് മരണത്തില്‍ ഗണ്യമായ വർധന; ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കും

by International | 07-04-2021 | 1355 views

ദോഹ: ഖത്തറിൽ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസങ്ങളിൽ ഗണ്യമായി വർധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം ഖത്തറിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്. ആറു പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. 34, 49, 52, 58, 76, 79 വയസ്സുള്ളവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇവരിൽ ഒരു മലയാളിയും ഉൾപെടും. 2020 ജൂൺ 19 ന് ഏഴു പേർ മരിച്ചതാണ് ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന മരണ നിരക്ക്.

നിലവിൽ 2020 ൽ കണ്ടതിനേക്കാൾ കഠിനമായ രോഗവ്യാപനമാണ് രണ്ടാം തരംഗത്തിൽ ഖത്തറിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നാണ് വിലയിരുത്തൽ.ശരാശരി 800 പുതിയ കേസുകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.400 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

2020 ഡിസംബറിൽ എട്ടു പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. എന്നാൽ ഫെബ്രുവരി 10 ആകുമ്പോഴേക്കും പതിനൊന്നു വയസ്സുള്ള കുട്ടി ഉൾപെടെ മൂന്നു പേർ മരിച്ചു.അതേസമയം ഇക്കഴിഞ്ഞ മാർച്ചു മുതൽ ഇന്നലെ വരെ മരിച്ചവരുടെ എണ്ണം 54 ആയി കുത്തനെ ഉയരുകയായിരുന്നു.പുതുതായി കണ്ടെത്തിയ യു.കെയിൽ നിന്നുള്ള കൊറോണാ വൈറസിന്റെ വകഭേദം കൂടുതൽ മാരകമാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടാൻ ഇതാണ് കാരണമെന്നും ആരോഗ്യമന്ത്രാലയം വിശദീകരിക്കുന്നു.

ഇതിനിടെ, റമദാന് മുന്നോടിയായി രാജ്യത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനുള്ള നീക്കങ്ങൾ അധികൃതർ തുടങ്ങിയിട്ടുണ്ട്. ഇന്ന് നടക്കുന്ന പ്രതിവാര മന്ത്രിസഭാ യോഗത്തില്‍ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളതായാണ് റിപ്പോർട്ട്. റസ്‌റ്റൊറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന സംവിധാനം പൂർണമായും നിർത്തലാക്കിയേക്കും. ഓഫിസുകളില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഒഴികെയുള്ള റീട്ടെയില്‍ ഷോപ്പുകള്‍ അടക്കാനും സാധ്യതയുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ 13ന് റമദാന്‍ ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ അതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും പ്രഖ്യാപിച്ചേക്കും. 

Lets socialize : Share via Whatsapp