ദുബായിലെ ആദ്യസ്വകാര്യ സ്‌കൂള്‍ സ്ഥാപക മറിയാമ്മ വര്‍ക്കി അന്തരിച്ചു, സംസ്കാരം ഇന്ന് ദുബായിൽ

by Dubai | 01-04-2021 | 1462 views

ദുബായ് : ദുബായിലെ ആദ്യ സ്വകാര്യ സ്‌കൂള്‍ സ്ഥാപകയും ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണിവര്‍ക്കിയുടെ മാതാവുമായ മറിയാമ്മ വര്‍ക്കി (90) ദുബായില്‍ അന്തരിച്ചു. റാന്നി സ്വദേശിയാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. മൃതദേഹം ദുബായിൽ സംസ്കരിക്കും. 1959ൽ ദുബായിലെത്തിയ മറിയാമ്മയും കുടുംബവുമാണ് ഗൾഫിലെ തന്നെ ആദ്യത്തെ സ്വകാര്യ വിദ്യാലയമായ ഔവർ ഓൺ ഇംഗ്ലീഷ് സ്കൂൾ 1968ൽ ദുബായിൽ സ്ഥാപിച്ചത്.

രാജകുടുംബത്തിനടക്കം സ്വദേശി പ്രമുഖർക്ക് ഇംഗ്ലീഷ് പാഠങ്ങൾ പകർന്നു നൽകിയത് മറിയാമ്മയും മിഡിലീസ്റ്റ് ബ്രിട്ടീഷ് ബാങ്കിൽ ഉദ്യോഗസ്ഥനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന ഭർത്താവ് കെ.എസ്. വർക്കിയുമായിരുന്നു. മാഡം വര്‍ക്കി എന്നറിയപ്പെട്ടിരുന്ന മറിയാമ്മ യുഎഇയിലെത്തിയ ആദ്യത്തെ ഇന്ത്യന്‍ വനിതകളില്‍ ഒരാളാണ്.

യുഎഇ-യില്‍ താമസിക്കുന്ന ഏറ്റവും മുതിര്‍ന്ന കേരളീയ വനിതയായി 2010 ല്‍ ഒരു മലയാള പത്രം തിരഞ്ഞെടുത്തിരുന്നു. 2016 മുതൽ ജെംസിലെ മികച്ച അധ്യാപകർക്ക് മറിയാമ്മ വർക്കിയുടെ പേരിൽ അവാർഡ് ആരംഭിച്ചു.

ഭര്‍ത്താവ് കെ.എസ്. വര്‍ക്കിക്കൊപ്പം 1959ല്‍ ദുബായിലെത്തി അദ്ധ്യാപികയായ മറിയാമ്മ സ്വദേശികളായ കുട്ടികളെ ഇംഗ്ലിഷ് പഠിപ്പിച്ച്‌ ദുബായുടെ ചരിത്രത്തില്‍ തന്നെ ഇടംപിടിക്കുകയായിരുന്നു. രാജകുടുംബത്തിലുള്ളവര്‍ക്കടക്കം ഇംഗ്ലിഷ് പാഠങ്ങള്‍ പകര്‍ന്നുകൊടുത്ത അവര്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ അദ്ധ്യാപികയായിരുന്നു മാഡം വര്‍ക്കി എന്നറിയപ്പെട്ടിരുന്ന മറിയാമ്മ. രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരടക്കം ഒട്ടേറെപ്പേര്‍ മറിയാമ്മയുടെ പ്രിയ ശിഷ്യരാണ്.

ദുബായിലേക്ക് വരുന്നതിനുമുന്‍പ് കേരളത്തില്‍ അദ്ധ്യാപികയായിരുന്നു. മകന്‍ സണ്ണി വര്‍ക്കി 2000-ത്തില്‍ ആരംഭിച്ച ജെംസ് ഗ്രൂപ്പിന് കീഴില്‍ ഇന്ന് നാല് രാജ്യങ്ങളിലായി അമ്ബതിലേറെ സ്‌കൂളുകളുണ്ട്. അറബിയും ഉറുദുവും പഠിപ്പിക്കുന്ന പള്ളികള്‍ മാത്രമുണ്ടായിരുന്നൊരു കാലത്താണ് മറിയാമ്മ ദുബായിലെത്തി സ്വദേശികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം പകര്‍ന്നു നല്‍കിയും രാജകുടുംബത്തിലടക്കം ശിഷ്യ ഗണങ്ങളെ ഉണ്ടാക്കി എടുത്തതും.

മകള്‍: സൂസന്‍ വര്‍ക്കി. മരുമക്കള്‍: മന്ദമരുതി പനവേലില്‍ ഷേര്‍ളി വര്‍ക്കി, തിരുവനന്തപുരം കൊല്ലമന കെ.എ. മാത്യു.

90മത്തെ വയസ്സിൽ മകൻ സണ്ണി വർക്കിയുടെ ദുബായിലെ വീട്ടിൽ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. പത്തനംതിട്ട റാന്നി സ്വദേശിനിയാണ്. ബ്രിട്ടീഷ് ബാങ്കില്‍ ഉദ്യോഗസ്ഥനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന പരേതനായ കാച്ചാണത്ത് കെ.എസ്. വര്‍ക്കിയുടെ ഭാര്യയാണ്. ദുബായ് ആസ്ഥാനമായുള്ള ജെംസ് എജ്യുക്കേഷന്‍ സ്ഥാപകനും ചെയര്‍മാനുമായ സണ്ണി വര്‍ക്കിയുടെ മാതാവാണ് മറിയാമ്മ വര്‍ക്കി. 

വിദ്യാഭ്യാസത്തിന്റെ മികവും പ്രാധാന്യവും അറബ് ജനതയെ ബോധ്യപ്പെടുത്താന്‍ മറിയാമ്മയ്ക്ക് കഴിഞ്ഞതാണ് ജീവിതത്തില്‍ നേട്ടമായി മാറിയത്. ഒപ്പം ഭാര്യയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഭര്‍ത്താവ് താങ്ങായി നിന്നു. പ്രിയപ്പെട്ടവര്‍ക്കിടയില്‍ അമ്മച്ചിയെന്നും ജീവനക്കാര്‍ക്കിടയില്‍ മാഡം വര്‍ക്കിയെന്നും അറിയപ്പെട്ടിരുന്ന മറിയാമ്മ വര്‍ക്കി വിദ്യാഭ്യാസപ്രവര്‍ത്തനത്തിന്റെ പേരില്‍ തന്നെ വരുംതലമുറയില്‍ ഓര്‍മിക്കപ്പെടും. പെണ്‍കുട്ടികളുടെ പഠന വികസനത്തിലും അദ്ധ്യാപകരുടെ പുരോഗതിയിലും ശ്രദ്ധയൂന്നിയാണ് അവര്‍ പ്രവര്‍ത്തിച്ചത്.

മാതാപിതാക്കള്‍ക്ക് കുട്ടികള്‍ക്ക് നല്‍കാവുന്ന ഏറ്റവുംനല്ല സമ്മാനമാണ് വിദ്യാഭ്യാസവും ശരിയായ മാര്‍ഗനിര്‍ദേശവും. വിദ്യാഭ്യാസത്തിന് ഒരാളുടെ ഭാവി തീരുമാനിക്കാനാവുമെന്ന് മറിയാമ്മ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. യു.എ.ഇ.യുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ആക്കം കൂട്ടുകയായിരുന്നു മറിയാമ്മയുടെയും ഭര്‍ത്താവ് കെ.എസ്. വര്‍ക്കിയുടെയും ഓരോ പ്രവര്‍ത്തനവും. ഉന്നതവിദ്യാഭ്യാസത്തിന്റെ മികവും പ്രാധാന്യവും അറബ് ജനതയെ ബോധ്യപ്പെടുത്താന്‍ ഈ ദമ്ബതികള്‍ക്ക് സാധിച്ചു.

1968-ല്‍ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഇരുവരും ചേര്‍ന്ന് ആരംഭിച്ചപ്പോള്‍ ആകെ 27 കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ഗള്‍ഫിലെങ്ങും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടിത്തറപാകി. 2016-ല്‍ ജെംസിലെ മികച്ച അദ്ധ്യാപിക എന്ന നിലയ്ക്ക് ഇവരെ ലോകം ആദരിച്ചു. കഠിനാധ്വാനത്തിന്റെ ഫലമായി ഒട്ടേറെ വിദ്യാഭ്യാസ ജീവകാരുണ്യ അന്താരാഷ്ട്ര അവാര്‍ഡുകളും തേടിയെത്തി. ഇന്ന് ലോകത്തിലെതന്നെ മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളും അനുബന്ധ സാങ്കേതിക വിദ്യകളും യു.എ.ഇ.യില്‍ വളർച്ച പ്രാപിക്കുമ്പോൾ ഈ ദമ്പതികൾ തുടക്കത്തിൽ ഇതിനായി നടത്തിയ പ്രയത്നങ്ങൾ എന്നും ഓർമ്മിക്കപ്പെടും.

Lets socialize : Share via Whatsapp