നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി രണ്ട് മാസത്തേക്ക് കൂടി നീട്ടിയതായി ഖത്തര്‍ ജി.ടി.എ

by Business | 31-03-2021 | 2580 views

ദോഹ: ഖത്തറില്‍ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി രണ്ട് മാസത്തേക്ക് കൂടി നീട്ടിയതായി ജനറല്‍ ടാക്‌സ് അതോറിറ്റി അറിയിച്ചു. അതോറിറ്റി പുറത്തിറക്കിയ 1/2021 അറിയിപ്പിലാണ് 2020 നികുതി വര്‍ഷത്തെ റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ രണ്ട് മാസത്തെ സമയം കൂടി അനുവദിച്ചത്.

കൊവിഡ് മഹാമാരി രൂക്ഷമായതാണ് സമയപരിധി നീട്ടി നല്‍കാനുള്ള പ്രധാന കാരണം. കൂടാതെ നികുതി പാലിക്കല്‍ തത്വങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും നികുതിദായകരുടെ ഭാരം കുറയ്ക്കുന്നതിനുമുള്ള ജി.ടി.എയുടെ ശ്രമങ്ങളും പരിഗണിച്ചാണ് സമയപരിധി നീട്ടിയത്.

പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ആവശ്യമായ സേവനങ്ങള്‍ നല്‍കണമെന്ന അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദ്ദേശങ്ങള്‍ മാനിച്ചാണ് സമയം നീട്ടി നല്‍കിയത്. കൊവിഡ് മഹാമാരിയില്‍ നിന്ന് സംരക്ഷണം നല്‍കുകയും ആരോഗ്യകരമായ ജീവിതം ഉറപ്പുവരുത്തുകയും ചെയ്യുന്നതിനൊപ്പം സാമ്പത്തിക പ്രത്യാഘാതങ്ങളെ ലഘൂകരിക്കുന്നതിനും കൂടി വേണ്ടിയാണ് ഇത്. 

നിലവില്‍ നേരിടുന്ന വെല്ലുവിളികള്‍ കണക്കിലെടുത്ത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി നിരീക്ഷിക്കുന്നതിന് ജി.ടി.എ യോഗ്യതയുള്ള സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. 

നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ support@gta.gov.qa എന്ന ഇ-മെയില്‍ വിലാസത്തില്‍ ജി.ടി.എയുമായി ബന്ധപ്പെടുകയോ 16565 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യാം. 

Lets socialize : Share via Whatsapp