ഹോപ്പ് ചൊവ്വാ ദൗത്യം പുതിയ ഭ്രമണ പഥത്തിലേക്ക്; ക്യാപ്‌ചർ ഓർബിറ്റിൽ നിന്നുള്ള മാറ്റം ആരംഭിച്ചു

by Dubai | 30-03-2021 | 1345 views

യുഎഇയുടെ ഹോപ്പ് ചൊവ്വാ ദൗത്യ പേടകം അതിന്റെ ആദ്യ ഭ്രമണ പഥത്തിൽ നിന്ന് രണ്ടാം ഭ്രമണപഥത്തിലേക്കുള്ള സ്ഥാനമാറ്റം ആരംഭിച്ചു. ക്യാപ്‌ചർ ഓർബിറ്റിൽ നിന്ന്  സയൻസ് ഓർബിറ്റിലേക്കാണ് പേടകത്തിന്റെ സ്ഥാനമാറ്റം.

ചൊവ്വയുടെ ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിച്ച ശേഷം, ഹോപ് പ്രോബ് ദീർഘ വൃത്താകൃതിയിലുള്ള ക്യാപ്‌ചർ ഭ്രമണപഥത്തിൽ തന്നെ തുടരുകയായിരുന്നു. ചൊവ്വയുടെ ഗ്രഹ പ്രതലത്തിൽ നിന്ന് 1,063 കിലോമീറ്ററാണ് ഈ ഭ്രമണപഥത്തിന്റെ കുറഞ്ഞ ദൂരം. 42,461 കിലോമീറ്ററാണ് കൂടിയ ദൂരം.

ക്യാപ്‌ചർ ഭ്രമണപഥത്തിലായിരിക്കുമ്പോൾ, ഹോപ് പ്രോബ് മൂന്ന് ഉപകരണങ്ങൾ ഉപയോഗിച്ച് ഇതുവരെ ചൊവ്വയുടെ 825 ചിത്രങ്ങൾ പകർത്തി, ചൊവ്വയുടെ അന്തരീക്ഷവുമായി ബന്ധപ്പെട്ട 30 ജിബി പുതിയ ഡാറ്റ ഇതിലൂടെ ശേഖരിക്കുകയും ചെയ്തു.

സയൻസ് ഓർബിറ്റിന് ചൊവ്വാ പ്രതലവുമായുള്ള ചുരുങ്ങിയ ദൂരം 20,000 കിലോമീറ്ററും കൂടിയ ദൂരം 43,000 കിലോമീറ്ററുമാണ്. ഈ ഭ്രമണ പഥത്തിലൂടെ ഓരോ 55 മണിക്കൂറിലും ഹോപ്പ് ഒരു പരിക്രമണൺ പൂർത്തിയാക്കുകയും ഓരോ ഒമ്പത് ദിവസത്തിലും പൂർണ്ണമായ ഗ്രഹ ഡാറ്റാ സാമ്പിൾ ശേഖരിക്കുകയും ചെയ്യും.

“ഹോപ്പ് പ്രോബ് ഒരു വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ്. ചൊവ്വാ അന്തരീക്ഷത്തിന്റെ പൂർണ ചിത്രം ലഭ്യമാക്കുക എന്ന അതിന്റെ പ്രധാന ലക്ഷ്യത്തിലേക്ക് ഈ ദൗത്യത്തിന്റെ ആദ്യ ദിവസം മുതൽ പേടകം അടുത്തുകൊണ്ടിരിക്കുകയാണ്,” എമിറേറ്റ്സ് മാർസ് മിഷൻ (ഇഎംഎം) പ്രോജക്ട് ഡയറക്ടർ ഒമ്രാൻ ഷറഫ് പറഞ്ഞു.

2020 ജൂലായ് 21-നാണ് ഹോപ്പ് വിക്ഷേപിച്ചത്. പ്രാദേശിക സമയം പുലർച്ചെ 1.58-ന് ജപ്പാനിലെ താനെഗാഷിമ സ്‌പേസ് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം. ഭൗമോപരിതലത്തിൽനിന്ന് 49.4 കോടി കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ഹോപ്പ് പ്രോബ് ചൊവ്വയിലെത്തിയത്. ഭ്രമണപഥത്തിലെത്തിയ പേടകം 687 ദിവസം ചൊവ്വയെ ഭ്രമണം ചെയ്യും.

ചൊവ്വയിലേക്ക് പര്യവേഷണ പേടകം അയച്ച ആദ്യ ഗൾഫ് രാജ്യമാണ് യുഎഇ. നേരത്തെ ഇന്ത്യയുടെയും യുഎസ്, യൂറോപ്യൻ യൂണിയൻ, മുൻ സോവിയറ്റ് യൂണിയൻ എന്നിവയുടെയും പര്യവേഷണ പേടകങ്ങൾ ചൊവ്വയിലെത്തിയിട്ടുണ്ട്. ഹോപ്പ് പ്രോബ് ഭ്രമണ പഥത്തിലെത്തുന്നതോടെ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ശക്തിയായി യുഎഇ മാറി.

200 ദിവസത്തെ യാത്രയ്‌ക്കൊടുവിൽ, യുഎഇ രൂപീകരണത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. ഹോപ്പ് ഭ്രമണപഥത്തിലെത്തിയതിനെ വലിയ ആഘോഷമായാണ് യുഎഇ കൊണ്ടാടിയത്.
ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും താപനിലയെക്കുറിച്ചും മനസ്സിലാക്കാനുള്ള ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്റർ, ഓസോൺ പാളികളെക്കുറിച്ചു പഠിക്കാനുള്ള ഇമേജർ, ഓക്സിജന്റെയും ഹൈഡ്രജന്റെയും തോത് നിർണയിക്കാനുള്ള അൾട്രാവയലറ്റ് സ്പെക്ട്രോ മീറ്റർ എന്നീ മൂന്ന് ഘടകങ്ങളാണ് ഹോപ്പിലുള്ളത്.

സമീപകാലത്തായി ബഹിരാകാശ ഗവേഷണരംഗത്ത് യുഎഇ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായ ഹസ്സ അല്‍ മന്‍സൂരി 2019 സെപ്റ്റംബറില്‍ മറ്റു രാജ്യങ്ങളിലെ സഞ്ചാരികള്‍ക്കൊപ്പം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എത്തിയിരുന്നു. മുന്‍ സൈനിക പൈലറ്റായ മന്‍സൂരി എട്ടുദിവസത്തിനുശേഷമാണ് തിരിച്ചെത്തിയത്. 2117 ഓടെ ചൊവ്വയിൽ മനുഷ്യ കോളനി പണിയാൻ യുഎഇ ലക്ഷ്യമിട്ടിട്ടുണ്ട്.

Lets socialize : Share via Whatsapp