ഒമാനിൽ വീണ്ടും രാത്രി യാത്രാവിലക്ക്; നിയന്ത്രണം മാർച്ച് 28 മുതൽ

by General | 26-03-2021 | 1343 views

ഒമാനിൽ വീണ്ടും രാത്രികാല യാത്രാവിലക്ക് ഏർപ്പെടുത്താൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഒമാനിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് സുപ്രീം കമ്മറ്റിയുടെ തീരുമാനം. മാർച്ച് 28 ഞായറാഴ്ച മുതൽ ഏപ്രിൽ എട്ട് വ്യാഴാഴ്ച വരെയാണ് രാജ്യവ്യാപകമായുള്ള ഭാഗിക കർഫ്യൂ പ്രാബല്യത്തിൽ ഉണ്ടാവുക. രാത്രി എട്ട് മണി മുതൽ പുലർച്ചെ അഞ്ച് മണി വരെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നതിനൊപ്പം വാഹന സഞ്ചാരത്തിനും ആളുകൾ പുറത്തിറങ്ങുന്നതിനും വിലക്കുണ്ടായിരിക്കും.

നിലവിൽ ഒമാനിൽ വാണിജ്യ സ്ഥാപനങ്ങളുടെ രാത്രി അടച്ചിടൽ പ്രാബല്യത്തിലുണ്ട്. ഇത് ഏപ്രിൽ മൂന്നിന് അവസാനിക്കാനിരിക്കെയാണ് സുപ്രീം കമ്മിറ്റിയുടെ പുതിയ തീരുമാനം. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തുമ്പോൾ ഏപ്രിൽ ഒന്ന് മുതൽ മെയ് 30 വരെയുള്ള രണ്ട് മാസക്കാലം ഏറെ പ്രയാസമേറിയതാകുമെന്നാണ് വിദഗ്ധ സംഘത്തിന്റെ വിലയിരുത്തലെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.

സർക്കാർ സ്‌കൂളുകളിൽ 12ാം ഗ്രേഡ് ഒഴിച്ചുള്ളവയിലെ വിദ്യാർഥികളുടെ ഓൺലൈൻ ക്ലാസുകൾ ഏപ്രിൽ എട്ട് വരെ നീട്ടാനും സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. കോവിഡ് വ്യാപനം സംബന്ധിച്ച നിലവിലെ അവസ്ഥയും ആശുപത്രികളിൽ രോഗികൾ കൂടുന്നതും ഉയരുന്ന മരണസംഖ്യയും സുപ്രീം കമ്മിറ്റി ചർച്ച ചെയ്തു.

Lets socialize : Share via Whatsapp