
ദോഹ: കോവിഡ് വാക്സിന് സ്വീകരിച്ചവര്‍ക്കും വൈറസ് ബാധയ്ക്ക് സാധ്യതയുണ്ടെന്നും എന്നാല്‍ രോഗാവസ്ഥയുണ്ടാകില്ലെന്നും ഖത്തര്‍ ആരോഗ്യ വകുപ്പ് ഉന്നത പ്രതിനിധി. മരുന്നിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് മാത്രമേ പൂര്‍ണ പ്രതിരോധ ശേഷി ലഭിക്കുകയുള്ളൂവെന്നും അവര്‍ വ്യക്തമാക്കി.
ഹമദ് മെഡിക്കല്‍ കോര്പറേഷന് പകര്‍ച്ചവ്യാധി വിഭാഗം ഡയറക്ടര്‍ ഡോ മുന അല്‍ മസ്ലമാനിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കോവിഡ് വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും വൈറസ് ബാധ വന്നേക്കാം. എന്നാല്‍ ലക്ഷണങ്ങളോ രോഗാവസ്ഥയോ ഉണ്ടാകില്ല. വൈറസ് ബാധ മൂലമുണ്ടാകുന്ന അപകടാവസ്ഥയും ശാരീരിക ബുദ്ധിമുട്ടുകളും ഇല്ലാതാക്കാനാണ് കുത്തിവെപ്പ് ഉപകരിക്കുക.
ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്കും രോഗബാധയുണ്ടായേക്കാം. രണ്ട് ഡോസും സ്വീകരിച്ച് രണ്ടാഴ്ച പിന്നിട്ടാല്‍ മാത്രമേ ഫലപ്രാപ്തിയുണ്ടാകൂവെന്നും ഡോ മുന മസ്ലമാനി പറഞ്ഞു. ഇതുവരെ രോഗം വരാത്തവരും കുത്തിവെപ്പ് സ്വീകരിക്കണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ പ്രധാനമന്ത്രി ഖാലിദ് ബിന്‍ അസീസ് അല്‍ത്താനി ലുസൈലിലെ ഡ്രൈവ് ത്രൂ കുത്തിവെപ്പ് കേന്ദ്രം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.